കരുവന്നൂർ കള്ളപ്പണ കേസ്; പ്രതികളുടെ കൂടുതൽ സ്വത്ത് കണ്ടുകെട്ടും
രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പത്തു കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ ആണ് തീരുമാനം
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ കൂടുതൽ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പത്തു കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ ആണ് തീരുമാനം. ബിനാമി വായ്പകൾ എടുത്ത് ബാങ്കിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയ 50 ഓളം പേരും പ്രതി പട്ടികയിൽ ഉൾപ്പെടും.
ബിനാമി സ്വത്തുക്കൾ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. നിരവധി പേരാണ് വായ്പയെടുത്തതുക കൊണ്ട് ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയത്. കരുവന്നൂർ കേസിൽ പ്രതികളുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടുന്ന ഇ ഡി നടപടിയെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.
കുറ്റകൃത്യത്തിന് മുൻപുള്ള സ്വത്തും കണ്ടു കെട്ടണമെന്ന് കള്ളപ്പണ നിരോധന നിയമത്തിൽ പറയുന്നില്ലെന്നും അതിനാൽ കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടുകെട്ടരുതെന്നും തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ ഹരജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടെ ബാങ്കിനെ കബളിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വൻ തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയിലുമുണ്ടാവുക. ഇത്തരത്തിൽ 50 ഓളം പേർ പ്രതി പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിവരം. കേസിലെ ആദ്യ ഘട്ട കുറ്റപത്രത്തിൽ 50 പേരും അഞ്ചു സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
വാർത്ത കാണാം-
Adjust Story Font
16