കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: അന്വേഷണം മന്ദഗതിയിൽ
രണ്ടാമത്തെ കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ല
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ദഗതിയില്‍. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും നിര്‍ണായകമായ രണ്ടാമത്തെ കുറ്റപത്രത്തിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. രണ്ടാം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട, പാർട്ടിയെ സമീപകാലത്ത് ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണിത്.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ താല്പര്യമില്ലാത്തത് പോലെയാണ് നിലവിൽ ഇഡിയുടെ അന്വേഷണം. കഴിഞ്ഞവർഷം നവംബറിലാണ് കേസിലെ ആദ്യ കുറ്റപത്രം കലൂർ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചത്. 50 പേരും അഞ്ചു സ്ഥാപനങ്ങളുമാണ് പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്.
എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും കേസിൽ ഏറെ നിർണായകമായ രണ്ടാമത്തെ കുറ്റപത്രത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. കുറ്റപത്രം സമർപ്പിക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് നിരന്തരം നോട്ടീസ് നൽകിയ ഇഡിയുടെ അന്വേഷണം തെരഞ്ഞെടുപ്പിനുശേഷം മന്ദഗതിയിലായി.
ബിനാമി വായ്പ എടുത്ത് ബാങ്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ ആളുകളെ ചോദ്യം ചെയ്തത് ഒഴിച്ചാൽ കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഇതിനിടയിൽ കേസ് അന്വേഷിക്കുന്ന കൊച്ചി യൂനിറ്റിലെ പല ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ഉണ്ടായി.
അന്വേഷണ സംഘത്തലവനായ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹി ആസ്ഥാനത്തേക്ക് മാറ്റി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന ചെന്നൈയിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് പകരം ചുമതല നൽകിയത്. രണ്ടാമത്തെ കുറ്റപത്രത്തിൽ ഇരുപതോളം പ്രതികൾ കൂടിയുണ്ടാകുമെന്നാണ് ഒരു ഘട്ടത്തിൽ അന്വേഷണസംഘം നൽകിയിരുന്ന വിവരം. കേസിൽ സിപിഎമ്മിനെ പ്രതിചേർത്തതിനു പുറമെ പാർട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിക്കായി വാങ്ങിയ ഭൂമിയടക്കം 29 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
Adjust Story Font
16