കാസർകോട്ട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; മൂന്ന് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്
അപകടം ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്കുള്ള യാത്രക്കിടെ

ഉപ്പള: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി സ്വദേശി രത്തന് ഗുരുതരമായി പരുക്കേറ്റു. ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം. രാത്രി 10.45 ഓടെ ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപമെത്തിയ കാർ നിയന്ത്രം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 50 മീറ്റോളം ദൂരം ഡിവൈഡർ ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി.
അപകടത്തെ തുടർന്ന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറി തെറിച്ചു. മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകട സമയത്ത് കാർ അമിത വേഗതയിലായിരുന്നുവെന്നും പറയുന്നു.
ആറ് വരി ദേശീയ പാത നിർമ്മാണം പുരോഗിക്കുന്ന സ്ഥലമായതിനാൽ പലയിടത്തും സ്ഥാപിച്ച ഡിവൈഡർ അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് അപകടത്തിന് കാരണമാവുന്നതായും പരാതിയുണ്ട്.
Adjust Story Font
16