ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനധ്യാപിക ഷേര്‍ളി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കഴിഞ്ഞ മാസം 19 നാണ് ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ അസംബ്ലിയിക്കിടെ, പ്രധാനധ്യാപിക വിദ്യാര്‍ഥിയുടെ മുടി മുറിച്ചത്
പ്രതീകാത്മക ചിത്രം
കാസര്‍കോട്: കാസർകോട് സ്‌കൂൾ അസംബ്ലിയില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രധാനധ്യാപിക ഷേര്‍ളി ജോസഫ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ മാസം 19 നാണ് ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ അസംബ്ലിയിക്കിടെ, പ്രധാനധ്യാപിക വിദ്യാര്‍ഥിയുടെ മുടി മുറിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക ഷേർളി ജോസഫ് സ്കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നാണ് പരാതി. വിദ്യാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് ഷേർളിക്കെതിരെ കേസെടുക്കുകയായിരുന്നു.പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കാസർകോട് എസ്. എം.എസ്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിക്ക് നിയമോപദേശം നൽകാൻ ജില്ലാ ലിഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് .ഈ മാസം 2നാണ് പ്രധനാധ്യാപിക ഷേർളി ജോസഫ് കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ഏഴിന് പരിഗണിച്ച ശേഷം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Adjust Story Font
16