ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയില്‍
കടക്ക് നേരെ ഇന്നലെ വൈകീട്ട് കല്ലേറുണ്ടായിരുന്നു
കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാറിനുനേരെ ആക്രമണം. കൂൾബാറിന്‍റെ വാഹനം കത്തിച്ചു. കടക്ക് നേരെ ഇന്നലെ വൈകീട്ട് കല്ലേറുമുണ്ടായിരുന്നു. കടക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒംനി വാനാണ് ഇന്ന് പുലർച്ചേ കത്തിയ നിലയില്‍ കണ്ടെത്തിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭക്ഷ്യസുരക്ഷ വകുപ്പും അന്വേഷണം തുടങ്ങി. കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദ മരിച്ച സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനേജിംഗ് പാട്‌നർ മംഗളുരു സ്വദേശി മുള്ളോളി അനെക്‌സ്ഗർ (58), ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് (29) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ദേവനന്ദയെ ഞായറാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിയോടെ മരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച ഐഡിയൽ കൂൾ ബാർ അടച്ചുപൂട്ടി. സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായി.
Adjust Story Font
16