തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ.സി.വേണുഗോപാൽ അനുയായികളുടെ യോഗം; പരാതി നൽകാൻ 'എ' ഗ്രൂപ്പ്
ഉമ്മൻചാണ്ടിക്കൊപ്പം കോട്ടയത്ത് 'എ' ഗ്രൂപ്പിനെ നയിച്ച കെ.സി ജോസഫും തിരുവഞ്ചൂരും തമ്മിൽ അകന്നതാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വഴി തുറന്നത്
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ കെ.സി വേണുഗോപാൽ അനുകൂലികൾ യോഗം ചേർന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു യോഗം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പക്ഷം നേട്ടമുണ്ടാക്കിയിരുന്നു.
കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ പരാതി നൽകാനൊരുങ്ങകയാണ് 'എ' ഗ്രൂപ്പ്. പ്രവർത്തകരും നേതാക്കളും സൗഹൃദ സന്ദർശനത്തിനെത്തിയതാണെന്നാണ് തിരുവഞ്ചൂരിന്റെ വിശദീകരണം.
തിരുവഞ്ചൂരിൻ്റെ നേതൃത്വത്തിലുള്ള കോട്ടയത്ത് കെ.സി വേണുഗോപാൽ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് തെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പുതിയ വിവാദം. തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് , ജന സെക്രട്ടറി സിബി ചേനപ്പാടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കൾ യോഗത്തിനെത്തി. യൂത്ത് കോൺഗ്രസ് നേതാക്കളും ബ്ലോക്ക് പ്രസിഡൻ്റുമാരും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
ഉമ്മൻ ചാണ്ടിക്കൊപ്പം കോട്ടയത്ത് 'എ' ഗ്രൂപ്പിനെ നയിച്ച കെ.സി ജോസഫും തിരുവഞ്ചൂരും തമ്മിൽ അകന്നതാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വഴി തുറന്നത്. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അടക്കം എ ഗ്രൂപ്പിനൊപ്പമാണ്. ശശി തരൂരിന് സ്വീകരണമൊരുക്കുന്നതിനെ ചൊല്ലി ഡി.സി.സി നേതൃത്വവുമായി തെറ്റിയ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അടക്കം വലിയൊരു വിഭാഗം തിരുവഞ്ചൂരിനെ പിന്തുണക്കുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം ഇരു വിഭാഗവും വെവ്വേറെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തിയിരുന്നു. അതേസമയം തിരുവഞ്ചൂരിലെ വീട്ടിലെ ഗ്രൂപ്പ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് നിർണായകമാകും.
Adjust Story Font
16