ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹരജി തള്ളി
ഹൈക്കോടതിയാണ് ഹരജി തള്ളിയത്
കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളും പ്രശ്നങ്ങളും പഠിച്ച ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളി. നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നതായിരുന്നു ഹരജിക്കാരന്‍റെ വാദം. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു.
ഹരജിക്കാരന് റിപ്പോർട്ടുമായി ബന്ധമില്ലെന്നും മൊഴി നൽകിയവരുടെ സ്വകാര്യതയെ റിപ്പോർട്ട് ബാധിക്കില്ലെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയതിനെ തുടര്‍ന്ന് ഡബ്ള്യൂ.സി.സിയെ കക്ഷി ചേര്‍ത്തിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹരജിക്കാരന്‍റെ ആവശ്യം സംശയാസ്പദമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അംഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി. ഇത് സംബന്ധിച്ച് അപ്പീൽ നൽകിയതിനെ തുടർന്നാണ് സ്വകാര്യ വിവരങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
അപ്പീൽ നൽകിയ അഞ്ച് പേർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറാനായിരുന്നു തീരുമാനം. പേജ് 49, 81 മുതല്‍ 100 വരെയുള്ള പേജുകള്‍, പാരഗ്രാഫ് 165 മുതല്‍ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു ഉത്തരവ്. അനുബന്ധവും പുറത്ത് നല്‍കില്ല.റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.സാംസ്കാരിക വകുപ്പ് മുൻവിധിയോടെയാണ് വിവരങ്ങൾ നിഷേധിച്ചതെന്നും കമ്മീഷൻ പറഞ്ഞു. ജൂലൈ 25നകം റിപ്പോർട്ട് പുറത്തുവിടണമെന്ന ഉത്തരവ് നടപ്പാക്കാനിരിക്കുന്നതിനിടയിലാണ് സജി മോൻ ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16