Quantcast

വാർത്താസമ്മേളനത്തിലും അന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞു: 'മലപ്പുറം ജില്ലയിൽ വൻ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും'

'ഹിന്ദു'വിനു നൽകിയ അഭിമുഖം തള്ളിയാലും കഴിഞ്ഞ സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കു തിരിച്ചടിയാകും

MediaOne Logo

Web Desk

  • Updated:

    2024-10-01 11:58:48.0

Published:

1 Oct 2024 11:54 AM GMT

Pinarayi Vijayan
X

കോഴിക്കോട്: പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 'ദ ഹിന്ദു' പത്രത്തിനു നൽകിയ അഭിമുഖം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ചു വർഷത്തിനിടെ 150 കി. ഗ്രാം സ്വർണവും 123 കോടി രൂപയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്ന് പിടികൂടിയെന്നും ഇത് സംസ്ഥാനവിരുദ്ധ, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുമുള്ള പരാമർശമാണു വിവാദം സൃഷ്ടിച്ചത്. മലപ്പുറത്തെയും ഒരു മതസാമുദായിക വിഭാഗത്തെയും ലക്ഷ്യമിട്ടുള്ള പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ അഭിമുഖത്തിലെ വിവാദ ഭാഗങ്ങൾ തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ രംഗത്തെത്തി. പിന്നാലെ, പിആർ ഏജൻസി നൽകിയ മറുപടിയാണു പ്രസിദ്ധീകരിച്ചതെന്നു പറഞ്ഞ് പത്രം ഖേദപ്രകടനം നടത്തിയിരിക്കുകയാണ്.

പറഞ്ഞ കാര്യങ്ങൾ തെറ്റായാണ് റിപ്പോർട്ട് ചെയ്തതെന്നു ചൂണ്ടിക്കാട്ടി 'ദ ഹിന്ദു' എഡിറ്റർക്ക് കത്തെഴുതിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. അഭിമുഖത്തിൽ ഏതെങ്കിലും പ്രദേശത്തെ കുറിച്ചു പരാമർശിച്ചിട്ടില്ലെന്നും രാഷ്ട്രവിരുദ്ധം, ദേശവിരുദ്ധം എന്നീ വാക്കുകൾ പ്രയോഗിച്ചിട്ടില്ലെന്നുമാണു കത്തിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല അഭിമുഖത്തിലുള്ളതെന്നും പത്രവാർത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും ഇടയാക്കിയെന്നും കത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ പത്രം വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് പത്രം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. പിആർ ഏജൻസി വഴിയായിരുന്നു അഭിമുഖം തരപ്പെട്ടത്. അരമണിക്കൂർ നേരം നീണ്ട നേരിട്ടുള്ള അഭിമുഖത്തിൽ വിവാദ ചോദ്യം ഉയർന്നിരുന്നില്ല. തുടർന്ന് പിആർ ഏജൻസി തന്നെ സ്വർണക്കടത്തും ഹവാല ഇടപാടും സംബന്ധിച്ചുള്ള ചോദ്യം കൂട്ടിച്ചേർക്കാൻ ആവശ്യപ്പെടുകയും ഇത് എഴുതിനൽകുകയും ചെയ്യുകയായിരുന്നു. ഏജൻസി തന്ന മറുപടിയാണു പിന്നീട് പത്രത്തിൽ അഭിമുഖത്തോടൊപ്പം ചേർത്തു പ്രസിദ്ധീകരിച്ചതെന്നാണു വിശദീകരണക്കുറിപ്പിൽ എഡിറ്റർ വ്യക്തമാക്കിയത്.

എന്നാൽ, 'ഹിന്ദു'വിനു നൽകിയ അഭിമുഖം തള്ളിയാലും ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കു തിരിച്ചടിയാകും. മലപ്പുറം ജില്ലയിൽ വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുണ്ടെന്നു വാർത്താസമ്മേളനത്തിൽ അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷം സംസ്ഥാനത്തു പിടിയിലായ സ്വർണക്കടത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകൾ അവതരിപ്പിച്ചാണ്, മലപ്പുറത്തെ കാര്യം പ്രത്യേകമെടുത്ത് ഊന്നിപ്പറയുന്നത്.

കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണവും ഹവാല പണവും വരുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇതിനോട് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ കേസുകൾ പെരുപ്പിച്ചുകാട്ടുന്നുവെന്നും മലപ്പുറത്തെ ക്രിമിനൽകേന്ദ്രമായി ചിത്രീകരിക്കാൻ നീക്കം നടക്കുന്നുവെന്നും ആക്ഷേപം ഉയരുമ്പോഴാണ് ഇതേ വാദങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. മന്ത്രി വി. അബ്ദുറഹ്‌മാൻ മുതൽ പി.വി അൻവറും പ്രതിപക്ഷ സംഘടനകളുമെല്ലാം ഇതേ ആക്ഷേപം പൊലീസിനെതിരെ ഉയർത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കരിപ്പൂർ വിമാനത്താവളം വഴി നടക്കുന്ന സ്വർണക്കടത്തും ഹവാല ഇടപാടുമെല്ലാം മലപ്പുറത്തിൽ കണക്കിൽ ഉൾപ്പെടുത്തി ജില്ലയിലെ കേസുകൾ മുഖ്യമന്ത്രി ഉയർത്തിക്കാണിക്കുന്നതെന്ന ആക്ഷേപം അന്നു തന്നെ ഉയർന്നിരുന്നു.

മലപ്പുറത്ത് കേസുകൾ പെരുപ്പിച്ചുകാണിക്കുന്നുവെന്നും ഡാൻസാഫ് സംഘം സ്വർണം പൊട്ടിക്കുന്നുവെന്നുമുള്ള അൻവറിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അൻവറിനോടുള്ള ആദ്യത്തെ പരസ്യ പ്രതികരണം കൂടിയായിരുന്നു. 'ദ ഹിന്ദു'വിലെ വിവാദ പരാമർശങ്ങൾ തെറ്റായി പ്രസിദ്ധീകരിച്ചതാണെന്നു വ്യക്തമായാലും, ഇതേ ഉള്ളടക്കമുള്ള വാർത്താസമ്മേളനത്തിന്റെ വിഡിയോ രേഖകൾ മുഖ്യമന്ത്രിക്ക് തിരിച്ചടിയാകും.

വാർത്താസമ്മേളനത്തിൽ എന്തു പറഞ്ഞു?

''നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. അതിന്റെ ഒരു ഭാഗമാണ് സ്വർണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നിൽ ഹാജരാക്കുന്നതും.

കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പിടികൂടിയ കള്ളക്കടത്തു സ്വർണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകൾ ചില വ്യക്തതകൾ വരുത്തുന്ന കാര്യങ്ങളാണ്.

2022ൽ 98 കേസുകളിലായി 79.9 കി.ഗ്രാമും 2023ൽ 61 കേസുകളിൽ 48.7 കി.ഗ്രാമും ഈ വർഷം 26 കേസുകളിലായി 18.1 കി.ഗ്രാം സ്വർണം പിടികൂടിയിട്ടുണ്ട്. മൂന്ന് വർഷമെടുത്താൽ 147.79 സ്വർണം പിടികൂടിയിട്ടുണ്ട്. ഇതിൽ മലപ്പുറം ജില്ലയിൽ മാത്രം 124.47 കി.ഗ്രാം സ്വർണമാണു പിടികൂടിയത്. 2023 മുതൽ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാല പണമാണ് പൊലീസ് പിടിച്ചെടുത്തത്. അതിൽ 87.22 കോടി മലപ്പുറത്തുനിന്നാണ്. കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണവും ഹവാല പണവും വരുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു കർക്കശമായി തടയുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

സ്വർണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. ഇത് ഒരു വിധത്തിലും അനുവദിക്കാനാകില്ല. പരിശോധന കർശനമാക്കാനും കള്ളക്കടത്തുകാരെ കർക്കശമായി കൈകാര്യം ചെയ്യാനും പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല.''

'ദ ഹിന്ദു' അച്ചടിച്ചത്

സെപ്റ്റംബർ 30ന് 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആർഎസ്എസ് ഭാരവാഹികളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയതിനോടും സിപിഎം ആർഎസ്എസിനോട് മൃദുനിലപാട് സ്വീകരിക്കുന്നുവെന്നുള്ള വിമർശനത്തോടും എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇപ്പോൾ വിവാദമായ പരാമർശങ്ങൾ നടത്തിയത്. പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നൽകിയ മറുപടിയിലെ വിവാദ ഭാഗങ്ങൾ ഇങ്ങനെയാണ്:

''ഈ പ്രചാരണം രാഷ്ട്രീയലാഭം ലക്ഷ്യമിട്ടുള്ളതാണ്. വർഗീയ വിഭജനം സൃഷ്ടിക്കുന്ന ചില തീവ്രവാദ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ മുസ്‌ലിം തീവ്രവാദ ഘടകങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ, നമ്മൾ മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നു ഉയർത്തിക്കാട്ടാനാണ് ഈ ശക്തികൾ ശ്രമിക്കുന്നത്.

ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലപ്പുറം ജില്ലയിൽനിന്ന് 150 കി.ഗ്രാം സ്വർണവും 123 കോടി രൂപയുടെ ഹവാല പണവുമാണു പിടികൂടിയത്. സംസ്ഥാന വിരുദ്ധ, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഈ പണം കേരളത്തിലെത്തുന്നത്. താങ്കൾ സൂചിപ്പിച്ച പ്രതികരണങ്ങളും സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണ്.''

മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചതോടെ 'ദി ഹിന്ദു'വും ഇപ്പോൾ പ്രതിരണവുമായി എത്തിയിട്ടുണ്ട്. പി.ആർ ഏജൻസി എഴുതിനൽകിയതാണ് മലപ്പുറം പരാമർശമെന്നാണു പത്രത്തിന്റെ വിശദീകരണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് പത്രം.

സംഘ്പരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും

അഭിമുഖം പുറത്തുവന്നതോടെ വലിയ വിമർശനവും ഉയർന്നു. പ്രതിപക്ഷവും മുസ്‌ലിം സംഘടനകളും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചത്. സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് മുസ്‌ലിം സംഘടനകളുടെ വിലയിരുത്തൽ. മലപ്പുറം പരാമർശം പിന്തുണച്ച് സംഘ്പരിവാർ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ.പി വിഭാഗമാണു മതസംഘടനകളിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്‌നവത്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്തിരിയണമെന്നാണ് എ.പി വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രതികരിച്ചത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുവെന്ന് പറയപ്പെടുന്ന സ്വർണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേൽ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്. ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത്. അതിനുപകരം ഒരു ജില്ലയെയും അതിലെ മുഴുവൻ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

ആർഎസ്എസിനെയും ബിജെപിയെയും പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശിച്ചു.

മലപ്പുറം വിരുദ്ധ പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും മലപ്പുറം വിരുദ്ധ പരാമർശം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും സതീശൻ ചോദിച്ചു. ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പമില്ലെന്ന തിരിച്ചറിവിൽ അവരെ വർഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം. ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Kerala CM Pinarayi Vijayan asserted it earlier: 'Gold smuggling and hawala transactions are taking place on a large scale in Malappuram district'

TAGS :

Next Story