പാലാ ബിഷപ്പിന് പിന്തുണ: എല്‍ഡിഎഫിന് തലവേദനയായി കേരളാ കോൺഗ്രസ് നിലപാട്
ജോസ് കെ മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പരാമര്‍ശങ്ങളോട് കാര്യമായി പ്രതികരിക്കാതെ വഴിമാറി നടക്കുമ്പോഴാണ് നിര്‍മല ജിമ്മിയും പാലാ നഗരസഭ ചെയര്‍മാനും ബിഷപ്പിനൊപ്പം അണിചേര്‍ന്നത്
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ നീക്കം എല്‍ഡിഎഫിന് പുതിയ തലവേദനയായി മാറി. ബിഷപ്പിന്‍റെ പരാമര്‍ശത്തെ തള്ളിക്കളയുകയും സമുദായ വേര്‍തിരിവ് സൃഷ്ടിക്കരുതെന്ന ആവശ്യമുയര്‍ത്തുകയും ചെയ്താണ് അതുവരെ എല്‍ഡിഎഫ് നേതാക്കള്‍ വിവാദത്തെ സമീപിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ഒരു പക്ഷത്ത് നിലയുറപ്പിച്ചത് എല്‍ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി.
മുഖ്യമന്ത്രിയും സിപിഎം, സിപിഐ പാര്‍ട്ടി സെക്രട്ടറിമാരും വളരെ കരുതലോടെയാണ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ സമീപിച്ചിരുന്നത്. സമുദായങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളില്‍ നിന്നും മതമേലധ്യക്ഷന്‍മാര്‍ അടക്കമുള്ളവര്‍ വിട്ടുനില്‍ക്കണമെന്ന പൊതുനിലപാടാണ് എല്‍ഡിഎഫ് നേതാക്കളും സ്വീകരിച്ചത്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കേരള കോണ്‍ഗ്രസ് എം നേതാവ് നിര്‍മല ജിമ്മി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചത് മുന്നണി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി മാറി. ഇതോടെ നിര്‍മല ജിമ്മിയുടെ നിലപാടിനെ തള്ളിപ്പറയേണ്ട സാഹചര്യമാണ് എല്‍ഡിഎഫ് നേതൃത്വത്തിന് മുന്നിലുള്ളത്.
ജോസ് കെ മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പരാമര്‍ശങ്ങളോട് കാര്യമായി പ്രതികരിക്കാതെ വഴിമാറി നടക്കുമ്പോഴാണ് നിര്‍മല ജിമ്മിയും പാലാ നഗരസഭ ചെയര്‍മാനും ബിഷപ്പിനൊപ്പം അണിചേര്‍ന്നത്. ബിഷപ്പിന്‍റെ പരാമര്‍ശം വിദ്വേഷ പ്രചാരണമാണെന്ന് കാട്ടി പരാതികള്‍ ലഭിച്ചിട്ടും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഇത് സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയരുന്നതിന് ഇടയാക്കുന്നു. എന്നാല്‍ വിവാദത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി കാര്യങ്ങള്‍ വഷളാക്കേണ്ടതില്ലെന്ന പൊതുനിലാപാടാണ് എല്‍ഡിഎഫ് നേതൃത്വത്തിനുള്ളത്. സമാന നിലപാടിലാണ് യുഡിഎഫും.
Adjust Story Font
16