നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസുകള്‍
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ ജോസ് കെ മാണിയും മോന്‍സ് ജോസഫും പരസ്യമായി പിന്തുണച്ചതാണ് ഇരു മുന്നണികളെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കിയത്
എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസുകള്‍. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ ജോസ് കെ മാണിയും മോന്‍സ് ജോസഫും പരസ്യമായി പിന്തുണച്ചതാണ് ഇരു മുന്നണികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്. വിവാദത്തില്‍ നിന്നും പരമാവധി അകലം പാലിക്കാനുള്ള മുന്നണി നേതൃത്വങ്ങളുടെ നീക്കവും ഇതോടെ പാളി.
ദീപിക പത്രത്തിന്‍റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വരുന്നതിലേക്ക് ജോസ് കെ മാണി എത്തിയത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാചകം പ്രയോഗിക്കാതെ കരുതലോടെയുള്ള പ്രസ്താവനയാണ് ജോസ് കെ മാണിയുടേതെങ്കിലും എല്‍ഡിഎഫ് നേതാക്കള്‍ അതുവരെ സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായി മാറി. മാത്രമല്ല മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാട്ടുകയാണ് ബിഷപ്പ് ചെയ്തതെന്ന പരാമര്‍ശം മുഖ്യമന്ത്രിയടക്കം സ്വീകരിച്ച നിലപാടിനെ നിരാകരിക്കുന്നത് കൂടിയായി മാറി. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാടിനോട് യോജിക്കുന്നോ എന്ന് എല്‍ഡിഎഫ് നേതൃത്വത്തിന് വരും ദിവസങ്ങളില്‍ വിശദീകരിക്കേണ്ടി വരും.
മറുഭാഗത്ത് ബിഷപ്പിനെ തള്ളിപ്പറഞ്ഞ് മതേതരത്വം ഓര്‍മപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും വെട്ടിലാക്കി. ബിഷപ്പ് പറഞ്ഞതിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകണമെന്നായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എയുടെ ആവശ്യം. ഇതോടെ വിവാദത്തില്‍ മുന്നണിയുടെ നിലപാട് എന്തെന്ന ചോദ്യത്തിന് കൂടുതല്‍ വിശദീകരണം നല്‍കേണ്ട പ്രതിസന്ധിയിലേക്ക് യുഡിഎഫും എത്തപ്പെട്ടു. വിവാദത്തില്‍ തലവെക്കാതിരുന്ന ലീഗിനെയും ജോസഫ് വിഭാഗം ഇതിലൂടെ ശക്തമായി പ്രതികരിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിട്ടു.
Adjust Story Font
16