ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും; വരുന്നു ഡ്രോണ്‍ എഐ ക്യാമറ
ജൂണ്‍ 5 മുതലാണ് കേരളത്തില്‍ എഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങിയത്.
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ചു.
ആകാശമാര്‍ഗം മുക്കിലും മൂലയിലും തിരഞ്ഞ് എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള എഐ ക്യാമറയുടെ പ്രത്യേകത. ഇതിനായി ഏത് തരം ഡ്രോണാണ് പര്യാപ്തമെന്ന് തെരഞ്ഞെടുക്കാന്‍ വിവിധ ഐ.ഐ.ടികളുടെ സഹായം മോട്ടോര്‍ വാഹന വകുപ്പ് തേടിയിട്ടുണ്ട്. 300 കോടിയെങ്കിലും പദ്ധതിക്കായി ചെലവാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇത്തരം ആശയങ്ങള്‍ക്ക് കേന്ദ്ര സഹായവും ലഭ്യമാകും.
ജൂണ്‍ 5 മുതലാണ് കേരളത്തില്‍ എഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങിയത്. ഒറ്റ മാസം കൊണ്ട് തന്നെ അപകടങ്ങളുടെ എണ്ണവും മരണ നിരക്കും ഗണ്യമായി കുറക്കാനായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ റോഡ് അപകടത്തില്‍ 344 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞു. നിലവില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനു പുറമെ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള നാല് ക്യാമറകളുമുണ്ട്. സേഫ് കേരള പദ്ധതി വഴി 6000 ക്യാമറകളാണ് സ്ഥാപിക്കാനുദ്ദേശിച്ചെങ്കിലും വിവാദത്തെ തുടര്‍ന്ന് ആ നീക്കം മരവിപ്പിച്ചു.
Adjust Story Font
16