സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുന്നു; 10 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പ് അനുമതി നിർബന്ധം
നിത്യ ചെലവുകൾ പോലും ബുദ്ധിമുട്ടിലായതോടെയാണ് ട്രഷറി നിയന്ത്രണം കടുപ്പിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ട്രഷറിയിൽ ബില്ലുകൾ മാറുന്നതിനുള്ള പരിധി 10 ലക്ഷമായി കുറച്ചു. അതിന് മുകളിൽ തുക അനുവദിക്കുന്നതിന് ഇനി മുതൽ ധനവകുപ്പിന്‍റെ അനുമതി വേണം.
നിത്യ ചെലവുകൾ പോലും ബുദ്ധിമുട്ടിലായതോടെയാണ് ട്രഷറി നിയന്ത്രണം കടുപ്പിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ഇനിമുതല്‍ ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണത്തിന്‍റെ പരിധി 25 ലക്ഷമായിരുന്നു. സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താൻ നിർദേശിച്ച് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ക്ക് കത്തയച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ട ശേഷം ഉയർത്തിയ പരിധിയാണ് ഇപ്പോൾ വീണ്ടും 10 ലക്ഷമാക്കി കുറച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന. രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകൾ വഴി 2,000 കോടി രൂപ കടമെടുക്കാനും ധനവകുപ്പ് നീക്കം തുടങ്ങി.
Adjust Story Font
16