'കുറ്റപ്പെടുത്തൽ നിർത്തി കണക്ക് കൊണ്ടുവരൂ'; മുണ്ടക്കൈ നാശനഷ്ടക്കണക്കിൽ അതൃപ്തി പരസ്യമാക്കി ഹൈക്കോടതി
വ്യാഴാഴ്ച കൃത്യമായ കണക്ക് നൽകണമെന്ന് ഹൈക്കോടതി എസ്ഡിആർഎഫിനെ താക്കീത് ചെയ്തിരിക്കുകയാണ്
കൊച്ചി: മുണ്ടക്കൈ നാശനഷ്ടങ്ങളുടെ കണക്കിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച എസ്ഡിആർഎഫ് വിശദീകരണത്തിൽ കോടതി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു. ഏകദേശ കണക്കുപോലും നൽകാൻ ആകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്ന് എങ്ങനെ പറയാൻ ആകുമെന്ന് കോടതി ചോദിച്ചു. വ്യാഴാഴ്ച കൃത്യമായ കണക്ക് നൽകണമെന്ന് ഹൈക്കോടതി എസ്ഡിആർഎഫിനെ താക്കീത് ചെയ്തിരിക്കുകയാണ്.
മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വ്യക്തമായ കണക്ക് സഹിതം വിശദമായ റിപ്പോർട്ടുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാൻ ഇന്നലെ കോടതി നിർദേശിച്ചിരുന്നു. എസ്ഡിആർഎഫിന്റെ കൈയിലുള്ള 677 കോടി രൂപ മതിയാകില്ലെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്നും പക്ഷേ കൃത്യമായ കണക്കു വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അടിയന്തരഘട്ടം വന്നാൽ 677 കോടിയിലെ എത്ര തുക ചെലവഴിക്കാനാകുമെന്ന് എസ്ഡിആർഎഫിനോട് കോടതി ചോദിച്ചു. ഏകദേശം കണക്കു പോലും നൽകാനാകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്നുപോലും എങ്ങനെ പറയാനാകും? കൈയിലുള്ള 677 കോടിയിൽനിന്ന് ഇപ്പോൾ ആവശ്യമായ 219 കോടി ചെലവഴിക്കാൻ കഴിയില്ലേ? ഓപ്പണിങ് ബാലൻസ് എത്രയുണ്ടെന്ന് അറിയില്ലേ? പണം പാസ്ബുക്കിലുണ്ടാവും. ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് അറിയില്ലേ എന്നും ഹൈക്കോടതി കോടതി ചോദ്യങ്ങൾ തുടർന്നു.
ഇതിനിടെ വ്യക്തത വരുത്താൻ രണ്ട് ദിവസം സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ മതിയായ സമയം നൽകിയില്ലേ എന്നായി കോടതി. ഇത്ര വലിയ ദുരന്തം നടന്നിട്ടു മാസങ്ങൾ പിന്നിടുന്നു. ഫിനാൻസ് ഓഫീസറോടും ഓഡിറ്ററോടും കൃത്യമായ കണക്കുകൾ ചോദിക്കൂ. 677ലെ ചെലവഴിക്കാൻ കഴിയുന്ന തുക സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകണം. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ കണക്കുകൾ നൽകണമെന്നും കോടതി എസ്ഡിആർഎഫിനോട് താക്കീത് ചെയ്തു.
Adjust Story Font
16