മുണ്ടക്കൈ പുനരധിവാസം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വ്യക്തമായ കണക്ക് അടങ്ങുന്ന വിശദമായ റിപ്പോർട്ടുമായി എസ്‍ഡിആര്‍എഫ് അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്
കൊച്ചി: മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യക്തമായ കണക്ക് സഹിതം വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഇന്നലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട്(എസ്‍ഡിആര്‍എഫ്) ആവശ്യപ്പെട്ടിരുന്നു. അതോറിറ്റിയുടെ അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര നിലപാടിനെയും കോടതി വിമർശിച്ചിരുന്നു.
ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദുരന്തം ഉണ്ടായ സമയത്ത് അക്കൗണ്ടിൽ എത്ര ഉണ്ടായിരുന്നുവെന്നും എത്ര ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയുമെന്നും വ്യക്തമാക്കണമെന്നാണ് എസ്‍ഡിആര്‍എഫിനോട് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചത്. ഇടക്കാല ഫണ്ടായി കേന്ദ്ര സർക്കാർ സഹായം നൽകിയിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വിശദമായ കാര്യങ്ങൾ അറിയിക്കണം. സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായി വിവരം ഇന്നുതന്നെ നല്‍കണമെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചൂരൽമല–മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേരളം വൈകിപ്പിച്ചെന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‍സഭയില്‍ വ്യക്തമാക്കിയത്. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള പിഡിഎൻഎ(പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറാൻ കേരളം വലിയ കാലതാമസം വരുത്തി. സംഭവം നടന്ന് മൂന്നരമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ല. ഒടുവിൽ നവംബർ 13നാണ് പുനർനിർമാണപ്രവർത്തനങ്ങൾക്കായി 2,219.03 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടുള്ള പിഡിഎൻഎ റിപ്പോർട്ട് കേരളം കൈമാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള 23 എംപിമാർ ചേർന്നു നൽകിയ നിവേദനത്തിനു നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
Summary: The Kerala High Court to consider the suo motu case in Mundakkai rehabilitation again today
Adjust Story Font
16