'കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം': കിറ്റെക്സ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പരോക്ഷ പ്രതികരണം
നേരത്തെ കേരളം വ്യവസായ സൗഹൃദമാണോയെന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുൻ അംഗം ഷമിക രവിയും പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർപിജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയും തമ്മിൽ ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു
കിറ്റെക്സ് സംസ്ഥാന വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി. കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Thank you @hvgoenka for allaying the apprehensions over Kerala's EoDB. Your honesty is much appreciated. Kerala has been one of the most investor friendly States in India and will continue to be so. The LDF Govt. ensures that sustainable and innovative industries thrive here. https://t.co/6zQO0AUFIG
— Pinarayi Vijayan (@vijayanpinarayi) July 4, 2021
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന ഗോയങ്കെ ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
'ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നു', മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ കേരളം വ്യവസായ സൗഹൃദമാണോയെന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുൻ അംഗം ഷമിക രവിയും പ്രമുഖ വ്യവസായ ഗ്രൂപ്പായ ആർപിജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയും തമ്മിൽ ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു.
ഹാരിസൺസ് മലയാളം ലിമിറ്റഡ്, ടയർ നിർമാണ കമ്പനിയായ സിയറ്റ് അടക്കം പതിനഞ്ചോളം വമ്പൻ സംരംഭങ്ങൾ ആർപിജി ഗ്രൂപ്പിന് കീഴിലാണ്. ഉദ്യോഗസ്ഥരുടെ പീഡനം മൂലം 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതിയിൽനിന്നു പിന്മാറുകയാണെന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തർക്കം. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയെ അപേക്ഷിച്ച് രണ്ടിരട്ടിയായി തുടരുന്നതിന്റെ കാരണം എന്തെന്ന് സംശയമുള്ളവർക്ക് കിറ്റെക്സിന്റേത് ഒരു കേസ് സ്റ്റഡിയാകണമെന്നായിരുന്നു ഷമികയുടെ ട്വീറ്റ്.
If you have ever wondered why Kerala continues to have twice the unemployment rate as all-India, this should be an important case study to follow. #EaseOfDoingBusiness https://t.co/lI46DsMHFn
— Prof Shamika Ravi (@ShamikaRavi) July 1, 2021
കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവാണ് തങ്ങളെന്നും സംസ്ഥാന സർക്കാരിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഹർഷ് ഗോയങ്ക ഇതിനു മറുപടിയായി കുറിച്ചു. ഹാരിസൺസ് മലയാളം എസ്റ്റേറ്റുകളിൽ പതിമൂവായിരത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഹർഷിന്റെ അഭിപ്രായത്തിന് ഷമിക തിരിച്ചടിച്ചത് ഇങ്ങനെ– 'സാമ്പത്തികശാസ്ത്രത്തിൽ ഞങ്ങൾ ഇതിനെ നിലനിൽപ്പിനുള്ള ചായ്‌വ് എന്നാണ് വിളിക്കുക'. ഇതോടെ ഹർഷും വിട്ടുകൊടുത്തില്ല. ബ്രൂക്കിങ്സിലുള്ള ചിലരാണ് ഇത്തരത്തിലുള്ള ചായ്‌വ് കാണിച്ചതെന്നായിരുന്നു കടുത്ത മറുപടി. ഷമിക യുഎസ് റിസർച് സ്ഥാപനമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ സീനിയർ ഫെലോ ആണ്.
We are the largest employers in Kerala. We find the local government very supportive.
— Harsh Goenka (@hvgoenka) July 1, 2021
നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ 2019 സെപ്റ്റംബറിൽ ഷമിക രവിയെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതെ സമയം സംസ്ഥാനം കൂടുതല്‍ വ്യവസായ സൗഹൃദമാക്കണമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടെ വികസനത്തെ പുറംകാലുകൊണ്ട് തൊഴിച്ചുകളയരുതെന്നും കേരളത്തില്‍ അനുകൂല സാഹചര്യം ഇല്ലാത്തതിന്‍റെ പേരില്‍ കിറ്റെക്സിന് ഇവിടെ വിടേണ്ടി വരരുതെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായങ്ങള്‍ സംരക്ഷിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
Adjust Story Font
16