ഏക സിവിൽകോഡ്, ആരാധനാലയ നിയമം: സ്വകാര്യ ബില്ലുകൾ പിൻവലിക്കണമെന്ന് കേരള മുസ്‍ലിം ജമാഅത്ത്
''ഏക സിവിൽകോഡ്, ആരാധനാലയ നിയമം എന്നിവയിൽ സ്വകാര്യ ബില്ലുകൾ പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നടക്കമുള്ള ഇടത് എം.പിമാർ രാജ്യസഭയിൽ നോട്ടീസ് നൽകിയത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്.''
കോഴിക്കോട്: ഏക സിവിൽകോഡിനും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനും വേണ്ടിയുള്ള സ്വകാര്യബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് രാജ്യതാൽപര്യം മുൻനിറുത്തി അംഗങ്ങൾ പിന്മാറണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനു സന്നദ്ധമായില്ലെങ്കിൽ ബില്ലുകൾക്ക് അവതരണാനുമതി നിഷേധിക്കാൻ സഭാധ്യക്ഷന്മാർ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏക സിവിൽകോഡ്, ആരാധനാലയ നിയമം എന്നിവയിൽ സ്വകാര്യ ബില്ലുകൾ പരിഗണിക്കരുത് എന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നടക്കമുള്ള ഇടത് എം.പിമാർ രാജ്യസഭയിൽ നോട്ടീസ് നൽകിയത് അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും ഇക്കാര്യത്തിൽ ഒരുമിച്ചുനിൽക്കണമെന്നും നേതാക്കന്മാർ പ്രസ്താവനയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
ഗ്യാൻവാപി മസ്ജിദിലടക്കം അവകാശവാദം ഉന്നയിച്ച് പുതിയ വിവാദങ്ങളിലൂടെ ജനങ്ങളെ കൂടുതൽ വർഗീയമായി വിഭജിക്കാനുള്ള നീക്കങ്ങൾക്ക് ശക്തിപകരാൻ ഉദ്ദേശിച്ചുള്ളതാണ് നിർദിഷ്ട സ്വകാര്യ ബില്ലുകളിലൊന്ന്. മതപരവും സാമൂഹികവുമായ ബഹുസ്വരതയെ നിരാകരിക്കുന്നതാണ് മറ്റൊന്ന്. ഇത് രണ്ടും രാജ്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. ജനാധിപത്യ, മതേതര പാർട്ടികൾ ഒറ്റക്കെട്ടായി തന്നെ ഇതിനെ ചെറുത്തുതോൽപിക്കണം. അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി വർധിപ്പിക്കുക വഴി കടുത്ത പ്രതിസന്ധിയിലേക്ക് ജനങ്ങളെ തള്ളിവിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജനദ്രോഹപരമായ ഈ നിലപാടിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തിപ്പെടണമെന്നും മുസ്‍ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
സമസ്ത സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ.പി അബൂബക്കർ മുസ്ലിയാർ പട്ടുവം, കെ.കെ അഹ്മ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, പി.എ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് ത്വാഹ സഖാഫി വണ്ടൂർ, അബ്ദുറഹ്മാൻ ഫൈസി പ്രസംഗിച്ചു.
എൻ അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റർ, മജീദ് കക്കാട്, എ സൈഫുദ്ധീൻ ഹാജി, പ്രൊഫ യു.സി അബ്ദുൽ മജീദ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സി മുഹമ്മദ് ഫൈസി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എം.കെ ഹാമിദ് മാസ്റ്റർ, എസ് ശറഫുദ്ധീൻ, ജി അബൂബക്കർ, മജീദ് ഹാജി നീലഗിരി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുസ്ഥഫ കോഡൂർ, ഷൗക്കത്ത് ഹാജി, സയ്യിദ് സി.ടി ഹാശിം തങ്ങൾ, സയ്യിദ് അബ്ദുനാസർ തങ്ങൾ, സയ്യിദ് പി.പി ജാഅ്ഫർ കോയ തങ്ങൾ, പ്രൊഫസർ എൻ ഇല്യാസ് കുട്ടി, അശ്റഫ് ഹാജി അലങ്കാർ, മുഹമ്മദ് സിയാദ് കളിയിക്കാവിള, റഫീഖ് അഹമ്മദ് സഖാഫി, നിസാമുദ്ദീൻ ഫാളിലി, സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ദ, അബ്ദുൽ അസീസ് സഖാഫി യു.എ.ഇ, നിഷാദ് അഹ്സനി ഒമാൻ, ഷാഹുൽ ഹമീദ് ചാവക്കാട് ചർച്ചയിൽ പങ്കെടുത്തു.
Summary: Kerala Muslim Jama'at asks to withdraw private bills in Uniform Civil Code and 1991 Places of Worship Act
Adjust Story Font
16