ഓണം ബംപർ: 25 കോടി അടിച്ചത് തിരുവനന്തപുരത്ത്
കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് തിരുവനന്തപുരത്ത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസി വിറ്റ TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
അവസാനനിമിഷം വിറ്റുപോയ ടിക്കറ്റിനാണ് നറുക്കടിച്ചിരിക്കുന്നതെന്നാണ് ലോട്ടറി ഏജൻസി അറിയിച്ചിരിക്കുന്നത്. പഴവങ്ങാടിയിലാണ് ടിക്കറ്റ് വിറ്റുപോയത്.കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി വിറ്റ TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പാലായിലെ പാപ്പൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്തു പേർക്ക്.
തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത്. 500 രൂപയായിരുന്നു ടിക്കറ്റ് വില.ഓണം ബംപർ വിൽപനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജിഎസ്ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വർഷം 124.5 കോടി രൂപയാണ് ഓണം ബംപറിലൂടെ സർക്കാരിന് കിട്ടിയത്.
Adjust Story Font
16