2022ൽ മാറ്റത്തിനൊരുങ്ങി കേരളാ പൊലിസ്; ആക്ഷൻ പ്ലാൻ പുറത്തിറക്കി
കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷയടക്കം അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്
2021ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരളാ പൊലിസ് 2022ൽ മാറ്റത്തിനൊരുങ്ങി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്.
1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ
2. സംഘടിത കുറ്റവാളികൾക്കെതിരെ കർശന നടപടി
3. സൈബർ കുറ്റകൃത്യം കണ്ടെത്തലും പ്രതിരോധിക്കലും
4. സമൂഹത്തിലെ സുരക്ഷയും സൗഹൃദവും ഉറപ്പുവരുത്തുക
5. പ്രാഥമിക പൊലിസിങിൽ പൂർണ ശ്രദ്ധ
പൊലിസും 'സൽപ്പേരും'
കേരളത്തിലെ പൊലിസിന് അത്ര നല്ലപേരല്ല ഭരിക്കുന്ന ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ പോലുമുള്ളത്. മറ്റു ജനങ്ങൾക്കിടയിൽനിന്നും കോടതിയിൽ നിന്നു പോലും പല വിഷയങ്ങളിലും രൂക്ഷ വിമർശനമാണ് പൊലിസ് ഇതുവരെ നേരിട്ടത്. ഏറ്റവും ഒടുവിലായി തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം, പൊലീസ് റോഡിലൊഴിപ്പിച്ച സംഭവം വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ബില്ല് കൈവശമില്ലെന്ന് കാണിച്ചാണ് പൊലീസ് നടപടിയടുത്തിരുന്നത്. സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസിൽ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കുകയും ചെയ്യും.
ആലപ്പുഴ ഇരട്ടക്കൊലപാതക കേസ്, ആലുവ മോഫിയ പർവ്വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണം ഉന്നയിച്ച സംഭവം, മോഫിയ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ പൊലിസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം, തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തിയ സംഭവത്തിലെ നിയമനടപടി, കുട്ടിയെയും പിതാവിനെയും പിങ്ക് പൊലിസ് മോഷ്ടാക്കളായി ചിത്രീകരിച്ച് റോഡിൽ ചോദ്യം ചെയ്ത സംഭവം, സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പേ തലസ്ഥാനത്ത് ഐപിഎസ് -ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം നടത്തിയത് തുടങ്ങിയ നിരവധി സംഭവങ്ങളിൽ കേരള പൊലിസ് വിമർശിക്കപ്പെട്ടിരുന്നു.
സി.പി.എം സമ്മേളനങ്ങളിലടക്കം ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉണ്ടായിരുന്നു. പൊലീസിലും സിവിൽ സർവീസിലും ആർ.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലീസിന്റെ പ്രവർത്തനം സർക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി ശ്രദ്ധിക്കണം. പൊലീസ് സേനയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണമെന്നും അഭിപ്രായമുയർന്നു.
The Kerala Police, which received a lot of criticism in 2021, has released an action plan for change in 2022
Adjust Story Font
16