നിഖിൽ തോമസിനായി പിജി പ്രവേശന തീയതി നീട്ടിയത് കേരള സർവകലാശാല സിൻഡിക്കേറ്റ്; യോഗത്തിന്റെ മിനിറ്റ്‌സ് പുറത്ത്
പ്രവേശന തീയതി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് യോഗം ചേർന്നത്
തിരുവനന്തപുരം: എസ്.എഫ്.ഐ നിഖിൽ തോമസിന് പി ജി പ്രവേശനം ലഭിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന സംശയം ബലപ്പെടുന്നു. അജണ്ടക്ക് പുറത്തുളള വിഷയമായി പരിഗണിച്ചാണ് അന്ന് പിജി പ്രവേശനത്തിനുളള സമയം കേരള സർവകലാശാല സിൻഡിക്കേറ്റ് നീട്ടിനൽകിയത്.
2022 ജനുവരി 20 നായിരുന്നു സിൻഡിക്കേറ്റ് യോഗം ചേർന്നത്. പ്രവേശന തീയതി പുതുക്കിയ വിവരം വാർത്താക്കുറിപ്പ് ഇറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവകലാശാല വെബ്‌സൈറ്റിൽ അത് ലഭ്യമല്ല. പ്രവേശന തീയതി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് യോഗം ചേർന്നത്. സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്‌സ് മീഡിയവണിന് ലഭിച്ചു.
അതേസമയം, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. വിവാദം ഗൗരവമായി കാണാനാണ് കേരള സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. ആദ്യപടിയായി കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്നതടക്കമുളള വിവരം കേരള സർവകലാശാല ഔദ്യോഗികമായി തേടി.
ഇത് സംബന്ധിച്ച കത്ത് കലിംഗ യൂണിവേഴ്സിറ്റിക്ക് മെയിൽ വഴി അയച്ചിട്ടുണ്ട്.. മറുപടി വന്നാൽ ഉടൻ തന്നെ അടുത്ത നടപടിയിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനം. തിരിമറി നടന്നു എന്ന് കലിംഗ രജിസ്ട്രാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ വിദ്യാർഥിയെ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ പുറത്താക്കും. സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു കോഴ്സും നിഖിലിന് പഠിക്കാൻ കഴിയില്ല. നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വഞ്ചന കുറ്റം വ്യാജരേഖ ചമക്കൽ എന്നിവ ചൂണ്ടിക്കാട്ടി ഡിജിപിക്കും പരാതി നൽകും .
പിജി പ്രവേശനത്തിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിലും പൊലീസ് അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിവരങ്ങൾ ശേഖരിക്കുന്നതിനായി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കലിംഗ സർവകലാശാലയിലേക്ക് തിരിച്ചു.
സംഭവത്തിൽ കോളേജ് അധികൃതർക്ക് വീഴ്ച ഉണ്ടായി എന്നും സർവകലാശാല വിലയിരുത്തുന്നു. അതിനാൽ തന്നെ വിശദീകരണം ആവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും സർവകലാശാല കത്ത് നൽകി. തിരിമറി നടന്നിട്ടുണ്ടോ എന്ന കാര്യം അടിയന്തരമായി വ്യക്തമാക്കണം എന്നാണ് കത്തിന്റെ ഉള്ളടക്കം.
Adjust Story Font
16