കേരളത്തിൻ്റെ വായ്പാ പരിധി ഉയർത്താൻ ആവശ്യപ്പെടും; കേരളത്തിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എം.പിമാർ ഒന്നിച്ച് കേന്ദ്രമന്ത്രിയെ കാണും
യുജിസിയുടെ ഏഴാമത് ശമ്പളപരിഷ്കരണം നടപ്പിയിലാക്കിയതിന്റെ ഭാഗമായി അധ്യാപകർക്ക് കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീർക്കാനുണ്ട്
തിരുവനന്തപുരം: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ എം.പിമാരുടെ യോഗം വിളിച്ചു. ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും പങ്കാളികളായി. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കേന്ദ്ര ഇടപെടൽ വേണ്ട മറ്റ് കാര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി.
കേരളത്തിനാവകാശപ്പെട്ട വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ നിന്നും കേന്ദ്രം പിന്മാറേണ്ടതുണ്ടെന്നതാണ് യോഗം ചർച്ച ചെയ്ത പ്രധാന അജണ്ട. ഈ സാഹചര്യത്തിൽ 15 ആം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന്റെ വായ്പാപരിധി ഉയർത്താനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ സന്ദർശിക്കാൻ യോഗത്തിൽ ഏകകണ്ഠമായി അഭിപ്രായമുയർന്നു. ഇതോടൊപ്പം സംസ്ഥാനത്തിനാവകാശപ്പെട്ട റവന്യു സബ്സിഡി ഒഴിവാക്കിയതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും കുടിശ്ശികയായ നഷ്ടപരിഹാരം തന്നുതീർക്കാത്തതുമെല്ലാം കേന്ദ്ര മന്ത്രാലയങ്ങളെയും പാർലമെന്റിലും അറിയിക്കണമെന്നും യോഗം തീരുമാനിച്ചു.
യുജിസിയുടെ ഏഴാമത് ശമ്പളപരിഷ്കരണം നടപ്പിയിലാക്കിയതിന്റെ ഭാഗമായി അധ്യാപകർക്ക് കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീർക്കാനുണ്ട്. ഈ വിഷയത്തിലും അടിയന്തിര ഇടപെടൽ നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. പാർലമെന്റിലും ഈ വിഷയം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ടും കേന്ദ്രവിഹിതം കുടിശ്ശികയായി ബാക്കിനിൽക്കുന്നു. ഇതിലും ഇടപെടാൻ കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെടും.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേന്ദ്രവിഹിതം വരുന്ന പദ്ധതികളുടെയും നടത്തിപ്പിന് കേന്ദ്രസർക്കാർ ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ലൈഫ് പദ്ധതിയടക്കമുള്ളവയിൽ നാമമാത്രമായ കേന്ദ്രവിഹിതം മാത്രമേ ഉള്ളൂ. അവയിൽ കേരളസർക്കാരിന്റെ ലോഗോ പോലും വെക്കുന്നില്ല. ഇതിലെല്ലാം കേന്ദ്രസർക്കാർ പദ്ധതിയുടെ ലോഗോയും പേരും വെക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. അതോടൊപ്പം ഇത്തരം പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം കുടിശ്ശികയായത് തന്നുതീർക്കാനും ആവശ്യപ്പെടും.
ഇതിനായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ ഒരുമിച്ചുപോയി കാണാൻ എംപിമാർ തീരുമാനമെടുത്തു. കേന്ദ്ര അവഗണന കാരണം മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ധാരാളം പ്രശ്നങ്ങളനുഭവിക്കുന്നുണ്ട്. അവരെയെല്ലാം ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യാൻ യോഗത്തിൽ ധാരണയായി.ആദ്യഘട്ടത്തിൽ യോജിച്ച നിവേദനം നൽകാനും തീരുമാനിച്ചു. നിവേദനം തയാറാക്കാൻ ധനകാര്യ മന്ത്രി മുൻകൈ എടുക്കും.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തെ നഗര തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള 51.5 കോടിയും ആരോഗ്യ ഗ്രാന്റ് ഇനത്തിൽ 137 കോടിയും ലഭിക്കാനുണ്ട്. ഇതിനേക്കാൾ പ്രയാസം സൃഷ്ടിക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ നിബന്ധനയാണ്. ധനമന്ത്രാലയം വഴി അടുത്തതായി വിതരണം ചെയ്യേണ്ട തുകയുടെ 10 ശതമാനത്തിൽ കവിയാത്ത ബാലൻസ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രന്റിന്റെ ബാക്കി അവശേഷിക്കാൻ പാടില്ല എന്നതാണ് ഈ നിബന്ധന. ഇത് ധനകാര്യ കമ്മീഷൻ ഏർപ്പെടുത്തിയ നിബന്ധനയല്ല. മറിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ നിബന്ധനയാണ്. ഈ നിബന്ധന പ്രകാരം തദ്ദേശ സ്‌ഥാപനങ്ങൾക്ക് പണം കിട്ടുന്നില്ല. തങ്ങൾക്ക് കിട്ടാൻ അവകാശമുള്ള ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശ തലത്തിൽ പ്രോജക്റ്റുകൾ മുടങ്ങുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരം ഇത്തരം ഏതെങ്കിലും നിബന്ധനകൾ നൽകാൻ ധനകാര്യ കമ്മീഷന് മാത്രമാണ് അധികാരം. ആ നിലയ്ക്ക് കേന്ദ്ര ധനകാര്യ വകുപ്പിന്റെ പുതിയ നിബന്ധന ഭരണഘടനാ വിരുദ്ധമാണെന്നും യോഗത്തിൽ ചർച്ചയായി.
ഔട്ടർ റിംഗ് റോഡിൻ്റെ നിർമ്മാണത്തിൽ വരുന്ന കാലതാമസം സർവീസ് റോഡിൻ്റെ നിർമ്മാണച്ചെലവു സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയാണ്. ആ ചെലവു വഹിക്കാൻ എൻ എച്ച് എ ഐ തയ്യാറാകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിക്കാൻ എം.പിമാരുടെ ആത്മാർത്ഥ ശ്രമം ഉണ്ടാകണം.
കേരളത്തിലേയ്ക്കുള്ള വിദേശ വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന ഭീമമായ വർധനവു കുറയ്ക്കാൻ കേന്ദ്രത്തിൻ്റെ ഇടപെടലുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വരുന്ന ക്രിസ്മസ് സീസൺ കണക്കിലെടുത്ത് കുറച്ചു കാലം ഓപ്പൺ സ്കൈ പോളിസി നടപ്പാക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥന കേന്ദ്രം നിരാകരിക്കുകയാണുണ്ടായത്. അതുപോലെ കണ്ണൂർ വിമാനത്താവളത്തിനു 'പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ്' അനുവദിക്കാത്തതിനാൽ വിദേശ വിമാന സർവീസുകൾ ആരംഭിക്കാൻ പറ്റാത്ത പ്രശ്നവും ചർച്ച ചെയ്തു.
ശബരിമല വിമാനത്താവളത്തിന് സുരക്ഷാ ക്ളിയറൻസ് നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസവും കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമിയേറ്റെടുത്തിട്ടും നിർമ്മാണത്തിനാവശ്യമായ ടെണ്ടർ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും ചർച്ചയിൽ ഉയർന്നു. ഈ വിഷയങ്ങൾ കേന്ദ്രത്തിനു മുന്നിൽ കൂടുതൽ ശക്തിപൂർവ്വം സംയുക്തമായി അവതരിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Adjust Story Font
16