സുപ്രധാന വകുപ്പുകള്‍ യുവനേതാക്കള്‍ക്ക്; വകുപ്പ് വിഭജനത്തിലും പുതുമ നിലനിര്‍ത്തി പിണറായി
മന്ത്രിസഭയിലെ രണ്ടാമാനാരെന്ന ചോദ്യത്തെ പോലും നിഷ്പ്രഭമാക്കുന്നതായി മാറി വകുപ്പ് വിഭജനം
മന്ത്രിമാരെ നിശ്ചയിച്ചതിലെ പുതുമയും അപ്രതീക്ഷിതത്വവും വകുപ്പ് വിഭജനത്തിലും നിലനിര്‍ത്തി പിണറായി വിജയന്‍. പാര്‍ട്ടിയിലെ സീനിയോറിറ്റി മറികടന്ന് സുപ്രധാന വകുപ്പുകള്‍ യുവ നേതാക്കള്‍ നല്‍കി. മന്ത്രിസഭയിലെ രണ്ടാമാനാരെന്ന ചോദ്യത്തെ പോലും നിഷ്പ്രഭമാക്കുന്നതായി മാറി വകുപ്പ് വിഭജനം.
ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായവും ധനവും ആരോഗ്യവുമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തതത് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. സ്വാഭാവികമായും എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്രകമ്മറ്റി അംഗങ്ങളെന്ന നിലയില്‍ ആ പരിഗണന വകുപ്പ് വിഭജനത്തില്‍ ലഭിക്കുമെന്ന് പലരും കരുതി. എന്നാല്‍ കഴിഞ്ഞ തവണ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത വ്യവസായ വകുപ്പിലേക്ക് ഇത്തവണയെത്തിയത് നിയമസഭയിലെ പുതുമുഖമായി പി രാജീവ്. കണക്കിലെ കളികളില്‍ അസാമാന്യ പാടവം കാട്ടാറുള്ള കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിന് പകരക്കാരാനായി സംസ്ഥാനത്തിന്‍റെ കണക്ക് പിള്ളയായി എത്തുന്നതും സഭയിലെ മറ്റൊരു പുതുമുഖം കെ.എന്‍ ബാലഗോപാല്‍. പാര്‍ട്ടിയിലെ മറ്റൊരു സീനിയറായ ജി സുധാകരന് കൈവശം വെച്ചിരുന്ന പൊതുമരാമത്തിന്‍റെ നാഥനായി എത്തിയത് യുവജന നേതാവ് പിഎ മുഹമ്മദ് റിയാസ്.
അങ്ങനെ പാര്‍ട്ടിയിലെ സീനിയോറിറ്റിയൊന്നും വക വെക്കാതെയുള്ള വകുപ്പ് വിഭജനമെന്ന് നിസംശയം പറയാം. ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നീക്കവും അതുവരെ പറഞ്ഞ് കേട്ടതില്‍ നിന്നും വിഭിന്നമായിരുന്നു. ഇങ്ങനെ കണക്ക് കൂട്ടലുകളേയും പ്രതീക്ഷകളേയും ഒക്കെ അസ്ഥാനത്താക്കിയുള്ള നീക്കമാണ് പിണറായി വിജയനും സിപിഎമ്മും നടത്തിയിരിക്കുന്നത്.
മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കിയത് പോലെ വകുപ്പുകളിലും പരീക്ഷണങ്ങള്‍ക്കാണ് പിണറായി വിജയന്‍ മുതിര്‍ന്നിരിക്കുന്നത്.
Adjust Story Font
16