Quantcast

തകര്‍ന്ന കെട്ടിടത്തിന് ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി. ഇല്ല; കിന്‍ഫ്രയിലെ തീപിടിത്തതില്‍ ദുരൂഹത വര്‍ധിക്കുന്നു

കൊല്ലത്തും തിരുവനന്തപുരത്തും സമാന രീതിയിൽ തീപിടിത്തം ഉണ്ടായത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Published:

    23 May 2023 7:52 AM GMT

Kinfra fire,Kinfra medicine warehouse fire deepens mystery,latest malayalam news,തകര്‍ന്ന കെട്ടിടത്തിന് ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി. ഇല്ല; കിന്‍ഫ്രയിലെ തീപിടിത്തതില്‍ ദുരൂഹത വര്‍ധിക്കുന്നു
X

തിരുവനന്തപുരം: കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലെ തീപിടിത്തതില്‍ ദുരൂഹത വര്‍ധിക്കുന്നു. തകര്‍ന്ന കെട്ടിടത്തിന് ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി. ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു. കൊല്ലത്തും തിരുവനന്തപുരത്തും സമാന രീതിയിൽ തീപിടിത്തം ഉണ്ടായത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. തീപിടിത്തത്തില്‍ അട്ടിമറി സാധ്യത ഇപ്പോള്‍ പറയാനാകില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എം.ഡി. ജീവന്‍ ബാബു. പറഞ്ഞു.

തീപിടിത്തത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയരുന്നത്. കെട്ടിടം പ്രവര്‍ത്തിച്ചതിന് പിന്നില്‍ അടിമുടി ദുരൂഹതയെന്നാണ് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യയും പറയുന്നത്. തീപിടിത്തം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ വേണ്ട യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലായിരുന്നുവെന്ന് ഫയര്‍ ഫോഴ്സ് മേധാവി പറഞ്ഞു. കെട്ടിടത്തിന് എന്‍.ഒ.സി ഉണ്ടായിരുന്നില്ല. അനധികൃത കെട്ടിടത്തില്‍ ഇത്രയധികം മരുന്നുകള്‍ എങ്ങനെ സൂക്ഷിച്ചു എന്നതിലും അന്വേഷണമുണ്ടാകും. എല്ലാ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി ബി സന്ധ്യ പറഞ്ഞു.

വിശദമായ പരിശോധന നടത്തുമെന്ന് കേരള മെഡിക്കല്‍ കോര്‍പറേഷന്‍ എം.ഡി ജീവന്‍ ബാബു പറഞ്ഞു. അട്ടിമറി സംശയിക്കുന്നില്ല. ബ്ലീച്ചിങ് പൌഡ‍റിന്റെ ഗുണനിലവാരമടക്കം പരിശോധനക്ക് വിധേയമാക്കുമെന്ന് ജീവന്‍ ബാബു പറഞ്ഞു.

അതേസമയം, തീപിടിത്തത്തില്‍ ദുരൂഹതയാരോപിക്കുകയാണ് പ്രതിപക്ഷം. ഗൗരവമായ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അഴിമതി തെളിവുകളാണ് കത്തിച്ചതെന്ന സംശയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കുവെച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വിശദമായ അന്വേഷണം ഉണ്ടായേക്കും.


TAGS :

Next Story