വടകര താലൂക്ക് ഓഫീസ് തീപിടിത്തം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.കെ രമ
ആന്ധ്രാ സ്വദേശിയാണ് തീപിടിത്തമുണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
വടകര താലൂക്ക് ഓഫീസ് തീപിടിത്തത്തിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.കെ രമ എം.എല്‍.എ. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ട്, പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടിത്തമുണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ആന്ധ്രാ സ്വദേശിയുടെ മേൽ കുറ്റം ചുമത്തിയതെന്നും ഒരാളില്‍ കേന്ദ്രീകരിച്ച് കേസ് അവസാനിപ്പിക്കരുതെന്നും കെ.കെ രമ വ്യക്തമാക്കി. സംഭവത്തില്‍ മൂന്നുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. പ്രധാനപ്പെട്ട രേഖകള്‍ മുഴുവന്‍ കത്തി നശിച്ചു. ഇത് 28 വില്ലേജിലുള്ളവരെ ബാധിക്കും. പൊലീസാണ് ഇതിന് ഉത്തരവാദിയെന്നും രമ ആരോപിച്ചു.
താലൂക്ക് ഓഫീസ് പരിസരത്ത് സി.സി.ടി.വിയും സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഇല്ലാത്തതെന്തുകൊണ്ടാണെന്നും എം.എല്‍.എ ചോദിച്ചു. മാനസിക രോഗിയിൽ കുറ്റം ചുമത്തി കേസ് ധൃതിപ്പെട്ട് അവസാനിപ്പിക്കാനാണ് പൊലീസിന്‍റെ ശ്രമം. ഇവിടുത്തെ കാരണം അന്വേഷിക്കാതെ അന്വേഷണ സംഘം ആന്ധ്രയിൽ കറങ്ങാൻ പോയെന്നും കെ.കെ രമ പറഞ്ഞു.
Adjust Story Font
16