'പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല മുസ്‌ലിം ലീഗിന്; മുനമ്പം വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാട് തള്ളി കെ.എം ഷാജി
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിനെന്നും കെ.എം ഷാജി

കോഴിക്കോട്: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തള്ളി മുസ്‍ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല. മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിനെന്നും കെ.എം ഷാജി പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
'' മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്‌ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്‌ലിംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്''-കെ.എം ഷാജി പറഞ്ഞു.
അതേസമയം ഷാജിയെ തള്ളാതെ എം.കെ മുനീർ എംഎല്‍എ രംഗത്ത് എത്തി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്‌ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു.
''അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുത് എന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആ നാട്ടുകാരനാണ് നാട്ടുകാർക്കൊപ്പമെ അദ്ദേഹത്തിന് നിൽക്കാനാകൂ. നിയമപരമായ പ്രതിവിധിയാണ് ഉണ്ടാകേണ്ടത്. അവിടെയുള്ള ജനങ്ങൾക്ക് നിയമപരമായി അവിടെ തന്നെ താമസിക്കാൻ കഴിയണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്''- എം.കെ മുനീര്‍ പറഞ്ഞു.
Adjust Story Font
16