നരബലി: വിശ്വാസവൈകൃതങ്ങളുടേയും ആർത്തിയുടെയും ബാക്കിയെന്ന് കെഎൻഎം
അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്ന് കച്ചവടവും അന്ധവിശ്വാസത്തിന്റെ പേരിലെ കൊലകളും തമ്മിലുള്ള ബന്ധവും വിശദമായി അന്വേഷിക്കണമെന്നും കെഎൻഎം ആവശ്യപെട്ടു.
ആലുവ: ഇലന്തൂരിൽ നടന്ന നരബലി നവോത്ഥാന കേരളത്തിനു അപമാനമാണെന്നും ഇനി ഒരു നരബലിയോ ആഭിചാരക്കൊലയോ ഉണ്ടാകാതിരിക്കത്തക്കവിധം അടിയന്തര നിയമനിർമാണം നടത്തണമെന്നും കെഎൻഎം ജില്ലാ സമിതി ആലുവയിൽ സംഘടിപ്പിച്ച മുജാഹിദ് ജില്ലാ പ്രചാരണസമ്മളനം ആവശ്യപ്പെട്ടു. ഡിസംബർ 29,30,31 ജനുവരി 1 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ പ്രചാരണോദ്ഘാടനമാണ് ആലുവയിൽ സംഘടിപ്പിച്ചത്.
ക്ഷുദ്ര ചികിത്സയും ആഭിചാര ക്രിയകളും അതിന്റെ പേരിലെ നരബലിയും കേരളം പിറകോട്ട് സഞ്ചരിക്കുന്നതിന്റെ സൂചനകളാണ്. മതം മറയാക്കി ആർത്തി പൂണ്ട മനുഷ്യർ ചെയ്യുന്ന കൊടുംക്രൂരതകൾ ന്യായീകരിക്കാനാവില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ സമൂഹത്തിൽ വലിയ ബോധവൽക്കരണം നടക്കണം. നിയമങ്ങൾ കർശനമാക്കാൻ സർക്കാർ ഭാഗത്തുനിന്ന് ഇടപെടൽ വേണം. മാധ്യമങ്ങളിൽ നിന്ന് ഇതുപോലുള്ള വാർത്തകൾ നീങ്ങുമ്പോൾ അധികാരികളും പിന്നോട്ടുപോകുന്നു. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനുള്ള നിയമ നിർമാണം നടക്കണം. നിയമം കൊണ്ടു മാത്രം സമൂഹത്തിൽ പടർന്നു കയറുന്ന അത്യാചാരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന കാര്യം ഓർക്കണമെന്നും കെഎൻഎം അഭിപ്രായപ്പെട്ടു.
അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്ന് കച്ചവടവും അന്ധവിശ്വാസത്തിന്റെ പേരിലെ കൊലകളും തമ്മിലുള്ള ബന്ധവും വിശദമായി അന്വേഷിക്കണം. മതത്തിന്റെ പേരിലെ തട്ടിപ്പു കേന്ദ്രങ്ങൾ സർവ്വ തിന്മകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. കേരളം പുറംതള്ളിയ അന്ധവിശ്വാസങ്ങളെ പുനരാനയിക്കാൻ ബോധപൂർവം നടക്കുന്ന ശ്രമം തടയാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും കെഎൻഎം ആവശ്യപെട്ടു. വർധിച്ചു വരുന്ന കൊടുംക്രൂരതകൾ സമൂഹത്തെ നിരാശയിലേക്കു തള്ളുകയാണ്. അത് മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുകയാണെന്ന് മനസ്സിലാക്കണം. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും വിഴുങ്ങുന്ന സാമൂഹിക തിന്മകൾക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു. ജില്ലാ ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, നൂർ മുഹമ്മദ് നൂർഷ, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എം. സ്വലാഹുദ്ധീൻ മദനി, ശരീഫ് മേലെതിൽ, എ. നിസാർ, നൂർ മുഹമ്മദ് സേട്ട്, അഹ്മദ് അനസ് മൗലവി, അഫ്സൽ കൊച്ചി, അബ്ദുൽ ഗനി സ്വലാഹി, റിയാസ് ബാവ, ഡോ.അബ്ദുൾ റഷീദ്, അബൂബക്കർ മൗലവി, അബ്ദുൾ ജലാൽ പള്ളിക്കര, ആസിഫ് ഇസ്ലാഹി , കെ.കെ. അബ്ദുൽ ഷക്കൂർ, ഇ.എ ഷഗീർ, കുഞ്ഞു മൊയ്തീൻ പുറയാർ എന്നിവർ പ്രസംഗിച്ചു.
Adjust Story Font
16