ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്തേക്കും, സംഘാടകർ നിർദേശങ്ങൾ ലംഘിച്ചു; പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണർ
തിരക്ക് നിയന്ത്രിക്കാൻ പൊലിസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ ജിസിഡിഎ നൽകിയ നിർദ്ദേശങ്ങൾ സംഘാടകർ ലംഘിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ. സംഘാടകരെ ചോദ്യം ചെയ്യുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലിസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
എല്ലാ അനുമതികളും എടുത്തിരുന്നോ, എന്തൊക്കെ അനുമതികൾ എടുത്തില്ല എന്ന് അന്വേഷിക്കും. പൊലിസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘടകർ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
പിഡബ്ള്യുഡി, ഫയർഫോഴ്‌സ് എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് വിവിധ ഡിപ്പാർട്മെന്റുകൾ പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേജ് സ്റ്റബിലിറ്റിയെ കുറിച്ച് റിപ്പോർട്ട് നൽകേണ്ടത് പിഡബ്ള്യുഡി ആണ്. സംഭവത്തിൽ പിഡബ്ള്യുഡിക്ക് വീഴ്‌ച സംഭവിച്ചോ എന്നും അന്വേഷിക്കും. ഇതേ വേദിയിൽ അപകട ശേഷവും പരിപാടി തുടർന്നതും പരിശോധിക്കും. സാമ്പത്തികതട്ടിപ്പിനെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. പരിപാടിയിൽ സിനിമ നടിയുടെ റോൾ എന്താണെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്നും കമ്മീഷണർ അറിയിച്ചു.
Adjust Story Font
16