സോണ്ടയെ ഒഴിവാക്കി; ബ്രഹ്മപുരം പ്ലാന്റിൽ പുതിയ ടെണ്ടർ വിളിച്ചെന്ന് കോർപ്പറേഷൻ
അതൃപ്തി അറിയിച്ചിട്ടും കൗൺസിൽ അംഗീകരിച്ചില്ലെന്ന് നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറിൽ നിന്ന് സോണ്ട ഇൻഫ്രടെകിനെ ഒഴിവാക്കുന്നു. പുതിയ ടെൻഡർ വിളിച്ചെന്ന് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ടെണ്ടറിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
നിലവിൽ ബ്രഹ്മപുരത്ത് കരാറെടുത്ത സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കോർപറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. അതൃപ്തി അറിയിച്ചിട്ടും കൗൺസിൽ അംഗീകരിച്ചില്ലെന്നും കോർപറേഷനെതിരെ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ നിലപാടെടുത്തു. ഏഴ് വർഷത്തിനിടെ 31 കോടി രൂപ മാലിന്യ സംസ്‌കരണത്തിന് ചെലവാക്കിയെന്നും സെക്രട്ടറി കോടതിയിൽ അറിയിച്ചു. കഴിഞ്ഞ ഏഴുവർഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് ചെലവാക്കിയ തുക എത്രയാണെന്ന് അറിയിക്കണമെന്ന് കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറി രേഖകൾ കോടതയിൽ ഹാജരാക്കിയത്.
ഉറവിട സംസ്‌കരണം 80 ശതമാനം നടത്തുന്നുണ്ട്. മാലിന്യസംസ്‌കരണത്തിൽ എല്ലാവരും അനുകൂലമായി പ്രതികരിച്ചെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷനുമായി ചർച്ച നടത്തിയെന്നും സെക്രട്ടറി പറഞ്ഞു. മാലിന്യ സംസ്‌കരണം പരിശോധിക്കാൻ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചുടെ എന്ന് ജില്ലാ കലക്ടറോട് കോടതി ചോദിച്ചു. പരാതികൾ പരിശോധിക്കാൻ വാർ റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടർ മറുപടി നൽകി.
ഫയർഫോഴ്‌സിനെയും തീ അണക്കുന്നതിനായി പരിശ്രമിച്ച മുഴുവൻ ആളുകളെയും ഹൈക്കോടതി പ്രശംസിച്ചു. തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അമിക്യസ് ക്യൂരിമാരെ നിയമിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് കോടതി മേൽനോട്ടം വഹിക്കും. മാലിന്യ സംസ്‌കരണത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുമെന്നും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ മാലിന്യ സംസ്‌കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണം കോടതി ആവശ്യപ്പെട്ടു. കൊച്ചിക്കാരെ മുഴുവൻ ബോധവൽക്കരിക്കുന്നതിലും നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16