Quantcast

കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്; ഈ മാസം കഴിയുന്നതോടെ എസ്എൻ ജങ്ഷൻ വരെ

ഓടിത്തുടങ്ങി അഞ്ച് വർഷമായിട്ടും ലാഭം തൊടാതെയാണ് കൊച്ചി മെട്രോയുടെ യാത്ര

MediaOne Logo

Web Desk

  • Updated:

    2022-06-17 04:28:38.0

Published:

17 Jun 2022 1:57 AM GMT

കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്; ഈ മാസം കഴിയുന്നതോടെ എസ്എൻ ജങ്ഷൻ വരെ
X

എറണാകുളം: കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്. ആലുവയിൽ നിന്ന് പേട്ട വരെയുള്ള മെട്രോ യാത്ര ഈ മാസം കഴിയുന്നതോടെ എസ്എൻ ജങ്ഷൻ വരെ നീട്ടാനുള്ള ഒരുക്കത്തിലാണ്. അടുത്ത അഞ്ച് വർഷം കഴിയുന്നതോടെ അഞ്ച് ഘട്ടങ്ങളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം എന്ന ലക്ഷ്യത്തിനപ്പുറത്ത് വൃത്തിയുള്ള ചുറ്റുപാടിലെ പൊതുഗതാഗത യാത്ര മലയാളികൾക്ക് പരിചയപ്പെടുത്തിയത് കൊച്ചി മെട്രോയാണ്. ആദ്യം ആലുവ മുതൽ പാലാരിവട്ടം വരെയും പിന്നീട് മഹാരാജാസ് ഗ്രൗണ്ട് വരെയും ഒടുവിൽ പേട്ട വരെയും മെട്രോ നീണ്ടു. 25 കിലോമീറ്റർ നഗരസൗന്ദര്യം ആസ്വദിക്കാനുള്ള അവസരം കൂടിയാണ് മെട്രോ തുറന്ന് നൽകിയത്. അടുത്തമാസം വടക്കേകോട്ടയിലേക്കും എസ്എൻ ജങ്ഷനിലേക്കും മെട്രോ എത്തുന്നതോടെ നഗരത്തിലേക്ക് കടക്കാതെ തന്നെ മെട്രോയെ ആശ്രയിക്കാമെന്ന സാധ്യത തുറന്നിടുകയാണ് കെഎംആർഎൽ.

എന്നാൽ ഓടിത്തുടങ്ങി അഞ്ച് വർഷമായിട്ടും ലാഭം തൊടാതെയാണ് കൊച്ചി മെട്രോയുടെ യാത്ര. കോടികളുടെ നഷ്ടക്കണക്കാണ് കെഎംആർഎല്ലിന് പറയാനുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ വരവും ചെലവും ക്രമീകരിച്ച് സർവീസ് നടത്താനാകുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ. അഞ്ച് വർഷം മുമ്പ് സർവീസ് തുടങ്ങിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. കൗതുകം കൊണ്ട് ആളുകൾ മെട്രോയിലേക്ക് ഇരച്ചുകയറിയിരുന്ന കാലം പിന്നീട് മാറി. സ്ഥിരമായി മെട്രോയെ ആശ്രയിക്കുന്നവർ വളരെ കുറച്ച് ആളുകളായിരുന്നു. അതുകാരണം ചെലവിനൊത്ത വരവ് മെട്രോക്ക് കിട്ടിയില്ല. ക്രമേണ യാത്രക്കാർ കൂടി. അഞ്ച് വർഷത്തിനിപ്പുറം മെട്രോയിൽ സഞ്ചരിക്കാൻ ആളുണ്ട്. അപ്പോഴും നഷ്ട നിരക്ക് കുറഞ്ഞുവെന്നല്ലാതെ ലാഭക്കണക്ക് പറയാനില്ല. എങ്കിലും കൈയെത്തും ദൂരത്ത് തന്നെയാണ് ലാഭമെന്ന കണക്കുകൂട്ടലിലാണ് കെഎംആർഎൽ. 2020-21 സാമ്പത്തിക വർഷം 57 കോടി രൂപയാണ് നഷ്ടം. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും 37 കോടിയിലേക്ക് നഷ്ടം കുറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും നഷ്ടം പൂജ്യത്തിലേക്ക് എത്തിക്കാനാകുമെന്നാണ് കെഎംആർഎൽ കണക്കുകൂട്ടുന്നത്.

ടിക്കറ്റ് വരുമാനത്തിനപ്പുറം മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന കിയോസ്‌കുകളിൽ നിന്നുള്ള വാടകയും പരസ്യവരുമാനവുമൊക്കെയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് നഷ്ടം കുറയ്ക്കാൻ കെഎംആർഎല്ലിനെ സഹായിച്ചത്. ചരിത്രത്തിൽ ആദ്യമായി പ്രതിദിനം 73,000 രൂപ ടിക്കറ്റ് വരുമാനം മെയ് മാസത്തിൽ ലഭിച്ചു.

എസ്എൻ ജംഗ്ഷനിലേക്ക് കൂടി മെട്രോ എത്തുന്നതോടെ പ്രദിദിനം പതിനായിരം രൂപയുടെ വർധന ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ. ക്രമേണ ഒരു ലക്ഷത്തിലേക്ക് പ്രതിദിന വരുമാനം എത്തിക്കാനാകുമെന്നും കൊച്ചി മെട്രോ കണക്കൂകൂട്ടുന്നുണ്ട്.


Kochi Metro turns five today

TAGS :

Next Story