കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് നിയമോപദേശം
അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി
തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് നിയമോപദേശം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗം തൃശൂരിൽ ഉണ്ടാകും. അതിനുശേഷം ആയിരിക്കും ജെഎഫ്എം കോടതിയിൽ തുടരന്വേഷണം അപേക്ഷ സമർപ്പിക്കുകയും തിരൂര്‍ സതീഷിന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി കേരളത്തിലേക്ക് എത്രകള്ളപ്പണം എത്തിച്ചെന്ന് കൃത്യമായി പറയുന്നതാണ് ധർമരാജൻ നൽകിയ മൊഴി. മൊഴിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു. 33 .5 കോടി രൂപ തെരഞ്ഞെടുപ്പുകൾക്കായി വിതരണം ചെയ്തു എന്നാണ് ധർമരാജന്‍റെ മൊഴി. 41.40 കോടി രൂപയാണ് മൊത്തം എത്തിച്ചത്. ഇതിൽ സേലത്തുവച്ച് 4.40 കോടി രൂപയും കൊടകരയിൽ വച്ച് 3.50 കോടി രൂപയും കവർച്ച ചെയ്യപ്പെട്ടു.
14.40 കോടി രൂപയാണ് കർണാടകയിൽ നിന്നും നേരിട്ട് കൊണ്ടുവന്നത്. 27 കോടി രൂപ മറ്റ് ഹവാല റൂട്ടുകളിലൂടെയും കൊണ്ടുവന്നു എന്നാണ് ധർമരാജൻ നൽകിയ മൊഴി. ഇതിൽ ഏറ്റവും കൂടുതൽ തുക കൊണ്ടുവന്നത് തൃശൂരിലേക്കാണെന്നും തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും പാലക്കാട്ടേക്കുമെല്ലാം പണം കൊണ്ടുവന്നതും മൊഴിയിൽ പറയുന്നു. എത്തിച്ച തുക സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായും മൊഴിയിലുണ്ട്. 2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധർമരാജൻ മൊഴിയിൽ പറയുന്നുണ്ട്.
Adjust Story Font
16