'ഇഡി അന്വേഷിച്ച് കുറ്റപത്രം കൊടുത്തുവെന്ന് പറയരുത്, ബിജെപി ഓഫീസിലിരുന്ന് കുറ്റപത്രമുണ്ടാക്കി'; പരിഹാസവുമായി തിരൂർ സതീഷ്
പൊലീസിന് നൽകിയ മൊഴിയിൽ തുടർനടപടി ആവശ്യപ്പെട്ട് കോടതിയിൽ അന്യായം നൽകിയെന്നും തിരൂർ സതീഷ്

തൃശൂര്‍ :കൊടകര കുഴൽപ്പണ കേസിൽ ഇഡി കൃത്യമായി അന്വേഷണം നടത്തിയിട്ടില്ലെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കള്ളപ്പണം വന്നതിന് കൃത്യമായ തെളിവുകൾ തന്‍റെ കയ്യിലുണ്ട്. ധർമ്മരാജനെ ബിജെപി നേതാക്കൾ വിളിച്ചത് എന്തിന് എന്നും അന്വേഷിച്ചിട്ടില്ല. ഇഡി അന്വേഷിച്ച് കുറ്റപത്രം കൊടുത്തുവെന്ന് പറയരുത്. ബിജെപി ഓഫീസിലിരുന്ന് ഒരു കുറ്റപത്രമുണ്ടാക്കി. ഇഡിയുടെ കൊച്ചിയിലെ ഓഫീസ് ഏതെങ്കിലും ബിജെപി ഓഫീസിലേക്ക് മാറ്റണമെന്നും തിരൂർ സതീശ് പരിഹസിച്ചു.
കേസിൽ പൊലീസിന് നൽകിയ മൊഴിയിൽ തുടർനടപടി ആവശ്യപ്പെട്ട് കോടതിയിൽ അന്യായം നൽകിയെന്നും തിരൂർ സതീഷ് പറഞ്ഞു.ബിജെപി നേതാക്കളായ കെ.കെ അനീഷ് കുമാർ , അഡ്വ. കെ .ആർ ഹരി , സുജൈ സേനൻ എന്നിവരെ പ്രതിചേർത്താണ് തിരൂർ സതീഷ് തൃശ്ശൂർ കോടതി സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
കഴിഞ്ഞദിവസമാണ് ബിജെപിക്ക് ക്ലീൻചീറ്റ് നൽകിക്കൊണ്ട് ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കൊടകര കുഴൽപണ കേസിൽ കവർച്ചയ്ക്കു ശേഷമുള്ള കള്ളപ്പണം വെളിപ്പിക്കൽ മാത്രമാണ് തങ്ങൾ അന്വേഷിച്ചത് എന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. പിഎംഎൽഎ നിയമപ്രകാരമാണ് അന്വേഷണം നടത്തിയത്. ധർമ്മരാജൻ കൊണ്ടുവന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടത് തങ്ങളല്ല ,ആദായനികുതി വകുപ്പാണെന്നും ഇഡി പറയുന്നു. പൊലീസ് അന്വേഷണത്തിന്റെ കുറ്റപത്രവും എഫ്ഐആറും നൽകിയെങ്കിലും പണം ബിജെപിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പൊലീസ് നൽകിയില്ല എന്നും ഇഡി പറയുന്നു.
Adjust Story Font
16