Quantcast

കസ്റ്റഡിയിലായത് കാർ വാഷിംഗ് സെന്റർ ഉടമ; ഒൻപതര ലക്ഷം രൂപയും കണ്ടു കെട്ടി

സംശയാസ്പദമായി ലഭിച്ച ഒരു കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കസ്റ്റഡി

MediaOne Logo

Web Desk

  • Updated:

    2023-12-01 11:52:33.0

Published:

28 Nov 2023 3:01 AM GMT

Kollam 6 year old kidnap; 2 in custody
X

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഒരാൾ ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമ. ആറ്റുകാൽ സ്വദേശി പ്രതീഷ് ആണ് കസ്റ്റഡിയിലുള്ളത്. സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്ത ഒൻപതര ലക്ഷം രൂപ പൊലീസ് കണ്ടുകെട്ടി. 500ന്റെ നൂറ് നോട്ടുകളുടെ 19 കെട്ട് ആണ് കണ്ടുകെട്ടിയത്

കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പർ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവല്ലത്തെ ഇവരുടെ യാർഡിൽ കാർ കണ്ടെത്തിയതായും സൂചനകളുണ്ട്. എന്നാൽ പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കുട്ടിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോൺകോൾ ആണ് വന്നിരിക്കുന്നത്. ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപ തന്നാൽ ഇന്ന് പത്ത് മണിക്ക് കുട്ടി വീട്ടിലെത്തുമെന്നായിരുന്നു ഒടുവിലെത്തിയ ഫോൺകോൾ. വിവരം പൊലീസിനെ അറിയിച്ചാൽ കുട്ടിയുടെ ജീവന് ആപത്താണെന്നാണ് ഭീഷണി.

ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിലെ ചായക്കടയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും കടയുടമയുടെ ഭാര്യയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു.

ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്നും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ പച്ച ചുരിദാറും കറുത്ത ഷാളുമാണ് ധരിച്ചിരുന്നതെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീ മുഖം മറച്ചിരുന്നതായും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9946923282, 9495578999 എന്നിവയാണ് ബന്ധപ്പെടാവുന്ന മറ്റ് നമ്പരുകൾ.

TAGS :

Next Story