കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകം; രണ്ടാനമ്മ മാത്രമാണ് പ്രതിയെന്ന് പൊലീസ്
പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ വിട്ടയച്ചു
കൊച്ചി: എറണാകുളം കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അനീഷ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ വിട്ടയച്ചു. തുടക്കത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ആറു വയസുകാരിയുടേത് ദുർമന്ത്രവാദ കൊലയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് നെല്ലിക്കുഴിയിലെ വീട്ടിൽ ആറു വയസുകാരിയായ മുസ്‌കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചു. അനീഷയ്ക്ക് അജാസ്ഖാനുമായുള്ള ബന്ധത്തിൽ രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. പുറമെ അനീഷ ഗർഭിണിയാണ്. ഈ കുട്ടികൾക്ക് ഭാവിയിൽ ആറു വയസുകാരി പ്രശ്നമായി മാറുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പിതാവ് അജാസ് ഖാൻ ജോലിക്കായി പോയിരുന്നു. പിന്നാലെയാണ് അനീഷ മുസ്കാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
പിതാവിന്‍റെ അറിവോടെയല്ല കൊലപാതകമെന്ന് കണ്ടെത്തിയതിനാൽ അജാസ് ഖാനെ വിട്ടയച്ചു. അതിനിടെ കുട്ടിയുടെത് ദുർമന്ത്രവാദ കൊലയാണെന്ന സംശയവും പൊലീസിനു ണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ദുർ മന്ത്രവാദിയായ കോതമംഗലം സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അനീഷയുടെ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നൗഷാദ് ദുർമന്ത്രവാദം നടത്തിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പമുള്ളതിനാൽ നൗഷാദിന്‍റെ സ്വാധീനത്താലാണോ അനീഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ നൗഷാദിന് കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Adjust Story Font
16