കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും
സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്.
കോഴിക്കോട്: നിപ വൈറസ് വ്യാപനം മൂലം താൽക്കാലികമായി അടച്ച കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കുമെന്ന് ജില്ലാ കലക്ടർ എ. ഗീത. കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ ക്ലാസ് തുടരും.
നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടറുടെ ഉത്തരവ്. സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണമെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തണം.
വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും വേണം. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്തംബർ 16നാണമ് അധ്യയനം ഓൺലൈനിലേക്ക് മാറ്റിയത്.
Adjust Story Font
16