Quantcast

ഞെളിയൻപറമ്പിൽ സോണ്ട വേണ്ട; അടിയന്തര യോഗത്തിൽ തീരുമാനമാകുമെന്ന് കോർപറേഷൻ

ഇന്നലെ കൗൺസിൽ യോഗം ചേർന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    16 March 2023 4:29 AM

Published:

16 March 2023 3:27 AM

zonda_kozhikode corporation
X

കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യസംസ്കരണ പ്ലാന്റിലെ കരാറിൽ നിന്ന് സോണ്ടയെ ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ കോഴിക്കോട് കോർപറേഷൻ അടിയന്തര യോഗം വിളിച്ചു. പ്ലാന്റിലെ വേസ്റ്റ്‌ ടു എനർജി പ്ലാന്റിന്റെ നിർമാണം എവിടെയും എത്തിയിട്ടില്ല. സോണ്ട കമ്പനിയിൽ നിന്നും പണം തിരികെ വാങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. ഇന്നലെ കൗൺസിൽ യോഗം ചേർന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങൾ വലിയ പ്രതിഷേധമുയർത്തിയിരുന്നു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം രംഗത്തെത്തിയത്. തുടർന്ന് മേയർ ബീന ഫിലിപ്പ് ഇന്ന് അടിയന്തര യോഗം വിളിക്കുമെന്ന് അറിയിക്കുകയായിരുന്നു.

കോഴിക്കോട് കോർപറേഷനുമായി സോണ്ടക്ക് രണ്ട് കരാറാണുള്ളത്. മാലിന്യങ്ങൾ തരംതിരിച്ചുള്ള സംസ്കരണമാണ് ആദ്യത്തേത്. ഇതിനായി 7.75 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിയുമായി കോർപറേഷൻ ഒപ്പിട്ടിരിക്കുന്നത്. 250 കോടി രൂപയുടെ പദ്ധതിയായ വേസ്റ്റ്‌ ടു എനർജിയാണ് (ഖര മാലിന്യത്തിൽ നിന്ന് കറന്റ് ഉത്പാദനം) സോണ്ടയും കോർപറേഷനും തമ്മിലുള്ള രണ്ടാമത്തെ കരാർ. പദ്ധതികൾക്കായി കോർപറേഷൻ സമയവും അനുവദിച്ചിരുന്നു. എന്നാൽ, ഓരോ കാരണം പറഞ്ഞ് കമ്പനി കരാർ നീട്ടിവെക്കുകയായിരുന്നു.

ഇതുവരെ രണ്ടുകോടി രൂപയാണ് കമ്പനിക്ക് കോർപറേഷൻ നൽകിയിരിക്കുന്നത്. എങ്കിലും, ഒരു പദ്ധതിയും എങ്ങും എത്തിയിട്ടില്ല എന്നതാണ് വാസ്‌തവം. എന്നാൽ, ആദ്യഘട്ടം പൂർത്തീകരിച്ചെന്ന പേരിൽ കോർപറേഷന്റെ പക്കൽ നിന്ന് രണ്ടാംഗഡു ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. ഇത് സംബന്ധിച്ച് കമ്പനി കോർപറേഷന് കത്തയക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പണം തിരികെ വാങ്ങണമെന്ന് എംവി ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചത്. ഈ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് അടിയന്തരയോഗം ചേരുന്നത്.

TAGS :

Next Story