Quantcast

നഷ്ടപ്പെട്ടത് 14.5 കോടിയെന്ന് കോര്‍പറേഷന്‍; പണം തട്ടിയ പി.എൻ.ബി മുന്‍ മാനേജര്‍ ഓണ്‍ലൈന്‍ ഗെയിമില്‍ കളഞ്ഞത് എട്ട് കോടി

തട്ടിയെടുത്ത തുകയുടെ ഒരു ഭാ​ഗം മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിച്ചതായും പൊലീസിനു വിവരം ലഭിച്ചു. റിജിലന്റെ ബാങ്ക് ഇടപാടുകള്‍ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    2 Dec 2022 9:27 AM GMT

നഷ്ടപ്പെട്ടത് 14.5 കോടിയെന്ന് കോര്‍പറേഷന്‍; പണം തട്ടിയ പി.എൻ.ബി മുന്‍ മാനേജര്‍ ഓണ്‍ലൈന്‍ ഗെയിമില്‍ കളഞ്ഞത് എട്ട് കോടി
X

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പിലൂടെ നഷ്ടമായത് 14.5 കോടിയെന്ന് കോഴിക്കോട് കോർപറേഷൻ‍. കോർപറേഷൻ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇത്രയും ഭീമമായ തുക നഷ്ടമായ കാര്യം വ്യക്തമായത്. ഇതിൽ എട്ട് കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ച് മുൻ മാനേജർ റിജിൽ ഓൺലൈൻ ഗെയിമിലൂടെ നഷ്ടപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

98 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു കോര്‍പറേഷന്റെ ആദ്യ പരാതി. എന്നാല്‍ പിന്നീട് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് 14കോടി 50 ലക്ഷം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. 2.5 കോടി തനത് ഫണ്ടില്‍ നിന്നും 12 കോടി കുടുംബശ്രീയുടെ അഭയ ഫണ്ടില്‍ നിന്നുമാണ് നഷ്ടമായത്. ഇതില്‍ 2.5 കോടി രൂപ ബാങ്ക് ഇന്നലെ തന്നെ തിരികെ നല്‍കിയിരുന്നു.

ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തട്ടിയെടുത്ത തുകയുടെ ഒരു ഭാ​ഗം മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിച്ചതായും പൊലീസിനു വിവരം ലഭിച്ചു. റിജിലന്റെ ബാങ്ക് ഇടപാടുകള്‍ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം മാറ്റിയത്. തുടര്‍ന്ന് അതില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.

സാധാരണഗതിയില്‍ പണം മാറ്റുമ്പോഴോ നിക്ഷേപിക്കുമ്പോഴോ അതിന്റെ കൃത്യമായ വിവരം ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ മാനേജര്‍ എന്ന നിലയിലുള്ള അറിവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് എവിടെ നിന്നാണ് പണം വന്നതെന്നോ, എവിടേക്കാണ് പോവുന്നതെന്നോ അറിയാത്ത രീതിയിലുള്ള രീതിയിലുള്ള ഇടപാടാണ് റിജില്‍ നടത്തിയത്. അതിനാലാണ് എവിടേക്കാണ് പണം പോയതെന്ന് കോര്‍പറേഷന് ആദ്യ ഘട്ടത്തില്‍ മനസിലാവാതിരുന്നത്.

മറ്റു പല അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ പണത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചെന്നൈയില്‍ നിന്നുള്ള ഓഡിറ്റിങ് ടീം റിജിലിന്റെ ഇടപാടുകളെ കുറിച്ച് പരിശോധന നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ മൊത്തത്തില്‍ എത്ര രൂപയുടെ തട്ടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാകൂ. റിജിൽ തട്ടിയെടുത്ത 2.53 കോടി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന തട്ടിപ്പിന് പിന്നിൽ മറ്റ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കും.

അതേസമയം, പൊലീസ് അന്വേഷണം ഊര്‍ജിതമായെങ്കിലും ഒളിവിലുള്ള റിജിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. റിജിലിന്റെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. കോഴിക്കോട് കട്ടാങ്ങലിന് സമീപം എരിമലയിലാണ് റിജിലിന്റെ വീട്. നിലവില്‍ ചെറിയൊരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും സമീപത്തു തന്നെ വലിയൊരു വീടിന്റെ പണി നടക്കുന്നുണ്ട്.

കോര്‍പറേഷന് നഷ്ടപ്പെട്ട തുക ഉടനടി നല്‍കണമെന്നും തട്ടിപ്പില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പിഎന്‍ബി ലിങ്ക് റോഡ് ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി. കോര്‍പറേഷന്റെ പത്ത് പൈസ പോലും കുറയാതെ അതിന്റെ അക്കൗണ്ടില്‍ ഉണ്ടാവണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. എന്തെങ്കിലും കാലതാമസം വന്നാല്‍ ലിങ്ക് റോഡിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് മാത്രമായിരിക്കില്ല അടച്ചുപൂട്ടേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്നാണ് കോര്‍പറേഷന്റെ നിലപാട്. എന്നാല്‍ തട്ടിപ്പിന്റെ ധാര്‍മിക ഉത്തരവാദിത്തം മേയര്‍ ഏറ്റെടുത്ത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട്. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ തിരുവനന്തപുരം മോഡലില്‍ കോഴിക്കോട് കോര്‍പറേഷനെതിരെയും യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു.

TAGS :

Next Story