''തെരുവുനായ്ക്കളെ കൂട്ടത്തോടെ നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗുണ്ടായത്; നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ചുകഴിയണം''-കോഴിക്കോട് മേയർ ബീന ഫിലിപ്പ്
''നായ്ക്കളോടുള്ള അകാരണമായ ഭീതിയിൽനിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കണം. നായകളും അവയുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ട്.''
കോഴിക്കോട്: തെരുവുനായ ശല്യത്തിന് കൊന്നുകളയലല്ല പരിഹാരമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്നും തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ 'മീഡിയവണി'നോട് പറഞ്ഞു.
''നായകളെ കൊന്നുകളയുകയല്ല പരിഹാരം. സൂറത്തിൽ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കണ്ടമാനം നശിപ്പിച്ചപ്പോഴാണ്. അവരും അവരുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മൾ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ..''-മേയർ പറഞ്ഞു.
സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായ്ക്കൾ. ആ രീതിയിൽ അവയെ കണ്ടു പരിപാലിക്കാൻ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം.
അവയോടുള്ള അകാരണമായ ഭീതിയിൽനിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയിൽ എല്ലാവരോടും പറയാനുള്ളത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാർഗങ്ങൾ ആലോചിക്കേണ്ടിവരുന്നതെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേർത്തു.
Summary: ''Plague broke out in Surat when stray dogs were killed en masse; Dogs and humans should live together peacefully'', says Kozhikode Mayor Beena Philip
Adjust Story Font
16