ആകെ നഷ്മായത് 15.24 കോടിയെന്ന് കോഴിക്കോട് മേയർ; 'തുക തിരികെ തരുമെന്ന് ബാങ്ക് പറഞ്ഞു'
ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു.
കോഴിക്കോട്: കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് ആകെ 15 കോടി 24 ലക്ഷം രൂപയെന്ന് മേയർ ബീനാ ഫിലിപ്പ്. പണം പിൻവലിക്കുമ്പോഴുള്ള സന്ദേശം ബ്ലോക്ക് ചെയ്തെന്നും സ്റ്റേറ്റ്മെന്റ് തിരുത്തിയെന്നും മേയർ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റിൽ തിരുത്തൽ വരുത്തിയതിനാല്‍ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും തട്ടിപ്പ് നടത്തിയ മാനേജർ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു .
14 അക്കൗണ്ടുകളിൽ ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും തുക നഷ്ടമായത്. നഷ്ടമായ പണം മൂന്ന് ദിവസത്തിനകം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചതായും മേയർ വ്യക്തമാക്കി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും ബാങ്ക് മാനേജറായിരുന്ന റിജില്‍ ഉപയോഗിച്ചത് ഓൺലൈൻ ഗെയിമിനാണെന്ന് പൊലീസ് പറഞ്ഞു. എട്ടു കോടി രൂപയാണ് ഓൺലൈൻ ഗെയിമിനായി മാത്രം ഇയാൾ ഉപയോഗിച്ചത്.
റിജിലന്റെ ബാങ്ക് ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ എട്ടു കോടി രൂപയലധികം ഓൺലൈൻ ഗെയിമിലൂടെ നഷ്ടപ്പെട്ടതായി കണ്ടെത്തി. 98 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു കോര്‍പറേഷന്റെ ആദ്യ പരാതി. എന്നാല്‍ പിന്നീട് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് 15.2 കോടി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.
ഇതില്‍ 2.5 കോടി രൂപ ബാങ്ക് ഇന്നലെ തന്നെ തിരികെ നല്‍കിയിരുന്നു. ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തട്ടിയെടുത്ത തുകയുടെ ഒരു ഭാഗം മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിച്ചതായും പൊലീസിനു വിവരം ലഭിച്ചു. റിജിലന്റെ ബാങ്ക് ഇടപാടുകള്‍ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം മാറ്റിയത്. തുടര്‍ന്ന് അതില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. അതേസമയം, പൊലീസ് അന്വേഷണം ഊര്‍ജിതമായെങ്കിലും ഒളിവിലുള്ള റിജിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. റിജിലിന്റെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
മറ്റു പല അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ പണത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട് കട്ടാങ്ങലിന് സമീപം എരിമലയിലാണ് റിജിലിന്റെ വീട്. നിലവില്‍ ചെറിയൊരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും സമീപത്തു തന്നെ വലിയൊരു വീടിന്റെ പണി നടക്കുന്നുണ്ട്. തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് കൗൺസിലർമാർ ബാങ്കിലേക്ക് മാർച്ച് നടത്തി.
Adjust Story Font
16