കെ.പി അനിൽകുമാർ എ.കെ.ജി സെന്ററിൽ: ഷാൾ അണിയിച്ച് കോടിയേരി
സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്താനാവണം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് താൽപര്യപ്പെടുന്നതെന്നും അനിൽകുമാർ
കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ എ.കെ.ജി സെന്ററിലെത്തി. അദ്ദേഹത്തെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയത്.
വാർത്താസമ്മേളനം അവസാനിച്ച ഉടനെ അദ്ദേഹം എ.കെ.ജി സെന്ററിൽ എത്തുകയായിരുന്നു. തുടങ്ങുമ്പോൾ ഏത് പാർട്ടിയിലേക്ക് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു ആദ്യത്തിലുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വാർത്താസമ്മേളനം അവസാനിക്കാനിരിക്കെ അദ്ദേഹം തന്നെയാണ് സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.
മതേതരത്വം ഉൾപ്പെടെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സിപിഎമ്മിനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ആത്മാഭിമാനത്തോടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ ഇനിയുള്ള കാലം സിപിഎമ്മിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് ഘടകത്തിലായാലും പ്രവർത്തിക്കും. സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്താനാവണം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് താൽപര്യപ്പെടുന്നതെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഞാൻ ആരുമായും സംസാരിച്ചിട്ടില്ലെന്നായിരുന്നു അനിൽകുമാറിന്റെ മറുപടി.
നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
Adjust Story Font
16