Quantcast

'ഉമ്മന്‍ചാണ്ടിക്കെതിരെ നടപടി എടുക്കാന്‍ പറ്റുമോ? ഞാനെന്താ രണ്ടാം കെട്ടിലുണ്ടായതാണോ..?' കെ.പി അനില്‍കുമാര്‍

പരസ്യ വിമർശനമുന്നയിച്ച ഉമ്മൻചാണ്ടിക്കെതിരെ നടപടി എടുക്കാൻ പറ്റുമോയെന്ന് കെ.പി അനില്‍കുമാര്‍

MediaOne Logo

Web Desk

  • Updated:

    2021-08-29 06:55:25.0

Published:

29 Aug 2021 6:25 AM GMT

ഉമ്മന്‍ചാണ്ടിക്കെതിരെ നടപടി എടുക്കാന്‍ പറ്റുമോ? ഞാനെന്താ രണ്ടാം കെട്ടിലുണ്ടായതാണോ..? കെ.പി അനില്‍കുമാര്‍
X

സസ്പെൻഷൻ നടപടി തള്ളി മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ. മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് നടപടി എടുത്തതെന്നും അനില്‍കുമാര്‍ പൊട്ടിത്തെറിച്ചു. പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഒരു മാനദണ്ഡവും പാലിക്കാതെ തനിക്കെതിരെ നടപടി എടുക്കുകയായിരുന്നു. അതേസമയം പരസ്യ വിമർശനമുന്നയിച്ച ഉമ്മൻചാണ്ടിക്കെതിരെ നടപടി എടുക്കാൻ പറ്റുമോയെന്നും കെ.പി അനിൽകുമാർ ചോദിച്ചു. ഞാന്‍ പറയുമ്പോള്‍ മാത്രം അച്ചടക്കലംഘനം ആകുന്നതെങ്ങനെയെന്ന് അറിയില്ല. ഞാനെന്താണ് രണ്ടാം കെട്ടിലുള്ളതാണോ? കെ.പി അനില്‍കുമാര്‍ ചോദിച്ചു.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നതായും അനില്‍കുമാര്‍ പറഞ്ഞു. പ്രവർത്തകരുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഡി.സി.സി പട്ടികക്ക് ആയില്ല. ചര്‍ച്ച നടന്നുവെന്നാണ് നേതൃത്വം പറയുന്നത്, എന്നാല്‍ ആരോടാണ് ചർച്ച ചെയ്തതെന്ന് അറിയില്ല. പാലിക്കേണ്ട മര്യാദകൾ പാലിച്ച ശേഷമാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഞാൻ ചെയ്ത തെറ്റെന്താണ്? തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ഒരു യോഗം പോലും ഇതുവരെ വിളിച്ചില്ല. അനില്‍കുമാര്‍ വിമര്‍ശിച്ചു.

തനിക്കെതിരെ സസ്പൻഷന്‍ നടപടി എടുത്തതില്‍ ഒരുതരത്തിലുള്ള മാനദണ്ഡവും പാലിച്ചിട്ടില്ല. വിശദീകരണം ചോദിക്കാതെയായിരുന്നു നടപടി. ഇതുവരെ ഒരു അറിയിപ്പും ഇതുസംബന്ധിച്ച് ലഭിച്ചിട്ടില്ല. എ.ഐ.സി.സി അംഗമായ എനിക്കെതിരെ നടപടി എടുക്കുമ്പോൾ എ.ഐ.സി.സിയുടെ അനുമതി വേണ്ടേ? അദ്ദേഹം ചോദിച്ചു. കെ.സുധാകരൻ മുന്‍കാലങ്ങളില്‍ നടത്തിയ വിമർശനങ്ങളുടെ അത്രയുമൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല. വി.ഡി സതീശൻ എം.എൽ.എ മാത്രമായിരുന്ന സമയത്ത് പാർട്ടി നേതാക്കളെ വിമര്‍ശിച്ചിരുന്നതിന് കൈയ്യും കണക്കുമില്ല. അനില്‍കുമാര്‍ പറഞ്ഞു.

അതേമസമയം കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പൊട്ടിത്തെറിയില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കമാന്‍ഡ്. ഡി.സി.സി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കൾ അംഗീകരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ ആവശ്യം.ഡി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സ്ഥിതി വഷളാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പട്ടികയിലെ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ തന്നെ വെടി പൊട്ടിച്ചതോടെയാണ് ഹൈക്കമാന്‍ഡിന് തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നത്.

നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാന്‍ഡ് വ്യക്തമായ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡിന്‍റേതാണ് അന്തിമ തീരുമാനമെന്നും അത് നേതാക്കൾ അംഗീകരിക്കണമെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം മാധ്യമങ്ങളിലൂടെയല്ല പാർട്ടിയ്ക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.അതേസമയം ഡി.സി.സി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങളെ തള്ളി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തിയിരുന്നു. ഗ്രൂപ്പിനതീതമായ അധ്യക്ഷ തെരഞ്ഞെടുപ്പാണ് നടന്നിട്ടുള്ളതെന്നും ഗ്രൂപ്പ് പാർട്ടിയേക്കാൾ മേലെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പട്ടികയെ സ്വാഗതം ചെയ്യുന്നതായും ശ്രീകണ്ഠന്‍ എം.പി അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടന്നിട്ടില്ലെന്നു പറഞ്ഞ് പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴാണ് ഇതിനെ തള്ളി വി.കെ ശ്രീകണ്ഠന്‍ എം.പി രംഗത്തെത്തിയത്.

എന്നാല്‍ അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍‌ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന സംഭവത്തെ ഉമ്മന്‍ചാണ്ടി അപലപിച്ചു. ജനാധിപത്യപരമായ രീതിയില്‍ നടപടി എടുക്കുന്നതിന് മുമ്പ് തന്നെ വിശദീകരണം ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടക്കാതെ അത് നടത്തിയെന്ന കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story