സംഘ്പരിവാറുമായി ഒത്തുകളിച്ച് പിണറായിയുടെ പൊലീസ് പൂരംകലക്കി, ജാള്യത മറയ്ക്കാൻ മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നു: കെ.പി.എ മജീദ്
അബ്ദുന്നാസർ മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ച് വെള്ളപൂശിയ പഴയ പ്രസംഗങ്ങൾ പിണറായി കേൾക്കുന്നത് നന്നാവുമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് പിണറായിയുടെ പൊലീസ് തൃശൂർ പൂരം കലക്കിയതെന്നും ഈ വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നതെന്നും കെ.പി.എ മജീദ് എംഎൽഎ. ഹൈന്ദവരുടെ ഹൃദയവികാരവും തൃശൂരിന്റെ പൊതു ഉത്സവവുമായ തൃശൂർ പൂരം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അലങ്കോലമാക്കാൻ പിണറായി സർക്കാർ കൂട്ടുനിന്നുവെന്ന ആരോപണം നിയമസഭക്ക് അകത്തും പുറത്തും ഉന്നയിച്ചത് സിപിഐക്കാരനായ മന്ത്രിയും അവിടുത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുനിൽകുമാറാണ്. ആരോപണം ലീഗിന്റെതാക്കി തടിതപ്പാനുളള കുരുട്ടുവിദ്യക്ക് പുറമെ എസ്ഡിപിഐയുമായി മുസ്ലിംലീഗ് കൂട്ടുകൂടിയെന്ന കല്ലുവെച്ച നുണയും പിണറായി ആരോപിക്കുകയാണെന്നും മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറിയായ കെപിഎ മജീദ് പറഞ്ഞു.
നേരിട്ട് സാർവദേശീയ ഭീകര ബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേർന്ന് നിൽക്കാൻ ലീഗ് മടിക്കുന്നില്ലെന്ന പിണറായിയുടെ ജൽപനം ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനുള്ള വിടുവായത്തം മാത്രമാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ താരാട്ടുകയും പാലൂട്ടുകയും ചെയ്യുന്നവരാണ് സിപിഎം. ഇപ്പോൾ വലിയ ഭീകരനായി സിപിഎം അവതരിപ്പിക്കുന്ന അബ്ദുന്നാസർ മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ച് വെള്ളപൂശിയ പഴയ പ്രസംഗങ്ങൾ പിണറായി കേൾക്കുന്നത് നന്നാവും. സംഘപരിവാറിന് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ തൃശൂർ പൂരം ആസൂത്രിതമായി കലക്കിയ പിണറായി, ഹൈന്ദവ വികാരം പേടിച്ച് ന്യായീകരിക്കുന്നില്ലെങ്കിലും ആ ക്വട്ടേഷൻ പരസ്യമായതിന്റെ പേരിൽ സംഘപരിവാറിന് നീരസം ഉണ്ടാവരുതെന്നും ഉറപ്പാക്കുന്നു.
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് ബിജെപിയെ വിജയിപ്പിക്കാനും ചേലക്കരയിൽ സംഘ്പരിവാർ വോട്ട് ഉറപ്പാക്കാനും ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ ബാന്ധവമുണ്ടാക്കിയ സിപിഎമ്മിന്റെ ശ്രമം. അവസരവാദ വർഗീയ രാഷ്ട്രീയം ഇനി കേരളത്തിൽ വിലപ്പോവില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ ബോധ്യപ്പെടുത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Adjust Story Font
16