Quantcast

ഹൈക്കമാൻഡ് കണ്ണുരുട്ടി; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19ന്

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങൾ കാരണമായിരുന്നു 12ന് നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെച്ചത്.

MediaOne Logo

Web Desk

  • Published:

    14 Jan 2025 9:40 AM GMT

kpcc meeting
X

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി ജനുവരി 19ന് ചേരും. നേരത്തെ നിശ്ചയിച്ചിരുന്ന യോഗം നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അവസാന നിമിഷം മാറ്റിയിരുന്നു. ഹൈക്കമാന്റിന്റെ ഇടപെടലോടെയാണ് യോഗം വീണ്ടും വേഗത്തിൽ ചേരാൻ തീരുമാനിച്ചത്.

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങൾ കാരണമായിരുന്നു 12ന് നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെച്ചത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ചിലർ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം. സംഭവത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്‍തിയും രേഖപ്പെടുത്തിയിരുന്നു.

യോഗത്തിൽ പങ്കെടുക്കാൻ എഐസിസി സംഘടന ജനറൽസെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എത്തിയിരുന്നു. അവസാനം നിമിഷം യോഗം മാറ്റിവെച്ച രീതിയോട് ദീപാ ദാസ് മുൻഷി കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സമയമില്ലേ എന്നും ദീപ മുൻഷി ചോദിച്ചു.

കെപിസിസി ഭാരവാഹി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിൽ എത്തിയ വിഡി സതീശൻ യോഗം കൃത്യസമയത്ത് തുടങ്ങാത്തതിനെ തുടർന്ന് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ മടങ്ങിപ്പോയിരുന്നു. സതീശന്റെ നടപടിയിൽ കെ സുധാകരൻ കടുത്ത അതൃപ്‌തിയും പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേർന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ സുധാകരൻ വിട്ടുനിന്നതും ചർച്ചയായി.

ഇങ്ങനെ തർക്കം തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് അടിയന്തരമായി യോഗം ചേരണമെന്ന നിർദേശം നൽകിയത്.

TAGS :

Next Story