'ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകിയ കലാകാരൻ'; സിദ്ദിഖിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ്
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സിദ്ദിഖിന്റെ മരണം സംഭവിച്ചത്
ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു. മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകിയ കലാകാരനായിരുന്നു അദ്ദേഹമെന്നും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം എടുത്തുപറയേണ്ടതാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു. എൺപതുകളിൽ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡിന്റെ ശിൽപികളിൽ പ്രധാനിയാണ് സിദ്ദിഖ്. മലയാളി പ്രേക്ഷകരെ മനസ്സ് നിറയെ ചിരിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ സുധാകരൻ പറഞ്ഞു.
എഐസസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 'സംവിധായകൻ എന്ന പേരിനൊപ്പം സിദ്ദിഖ്-ലാൽ എന്ന് കണ്ടാൽ ആദ്യ ദിവസം തന്നെ ആ സിനിമ കാണണമെന്ന നിർബന്ധമുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളിക്ക്. പിൽക്കാലത്ത് ആ കൂട്ടുകെട്ട് വേർപിരിഞ്ഞപ്പോൾ സിനിമാ പ്രേമികളായ മലയാളികൾ ഒന്നടങ്കം വേദനിച്ച നിമിഷമുണ്ടായിരുന്നു. മലയാളികളുടെ മനസ്സിൽ അത്രയ്ക്ക് ആ പേരുകൾ ചിരപ്രതിഷ്ഠ നേടിയ ഒരു കാലമായിരുന്നു അത്. മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിദ്ദിഖ്. സിനിമ തന്റെ കലയാക്കാൻ അദ്ദേഹത്തിന് വലിയ കാലമൊന്നും വേണ്ടിവന്നില്ല. ആ മനുഷ്യന്റെ വിടവാങ്ങൽ വലിയ വിടവ് തന്നെയാണ് മലയാള കലാലോകത്തിന്. ഏറെ പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു' കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 'പിന്നെയും പിന്നെയും ഓർത്ത് ചിരിച്ച, ചിന്തിപ്പിച്ച ഒരുപാട് സിനിമകളുടെ ടൈറ്റിൽ കാർഡിൽ കണ്ട് കയ്യടിച്ച പേരായിരുന്നു സിദ്ദിഖ്. അസാമാന്യമായി നർമ കഥകൾ രചിക്കുകയും, അതിലെ ഫലിതമൊട്ടും ചോരാതെ അതിന് ദൃശ്യഭാഷ്യമൊരുക്കുകയും ചെയ്ത അസാമാന്യ പ്രതിഭക്ക് ആദരാഞ്ജലികൾ' കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖ് ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.
നാളെ രാവിലെ 9 മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനമുണ്ടാകും. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
ഹാസ്യത്തിൻറെ മേമ്പൊടിയോടെ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകൾ ബോക്‌സ്ഓഫീസിൽ തരംഗമായിരുന്നു. 1989ൽ റാംജി റാവു സ്പീക്കിങ് എന്ന സിനിമ സംവിധാനം ചെയ്താണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്തത്. അതിനു മുൻപുതന്നെ 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയുടെ തിരക്കഥ സിദ്ദിഖ് എഴുതിയിരുന്നു. 1987ൽ നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥയെഴുതി.
സംവിധായകൻ ഫാസിലിൻറെ സഹായിയായാണ് സിദ്ദിഖ് സംവിധാന ജീവിതം തുടങ്ങിയത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടിയതും തന്റെ കൂടെ കൂട്ടിയതും.
റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെയും വൻ ഹിറ്റായിരുന്നു. ഈ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേർന്നായിരുന്നു. ഹിറ്റ്‌ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ, ഭാസ്‌ക്കർ ദ റാസ്‌ക്കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്തു. ആകെ 29 ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങൾ തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റി. ജനകീയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഗോഡ്ഫാദർ സ്വന്തമാക്കി. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ നിർമിച്ചതും സിദ്ദിഖാണ്.
ഭാര്യ- ഷാജിദ, മക്കൾ- സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ- നബീൽ, ഷെഫ്‌സിൻ.
KPCC president K Sudhakaran MP condoled the demise of director Siddique
Adjust Story Font
16