'സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര് മതി'; വെല്ലുവിളിച്ച് കെ.സുധാകരൻ
പൊളിക്കണോയെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നാണ് സുധാകരന്റെ വെല്ലുവിളി
കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്ന് സുധാകരൻ പറഞ്ഞു. പൊളിക്കണോയെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നാണ് സുധാകരന്റെ വെല്ലുവിളി.
'നോക്കി നിൽക്കുന്ന പ്രശ്നമില്ല. ഇതുപോലെ നിങ്ങളുടെ ഓഫീസുകൾ പൊളിക്കാൻ ഞങ്ങൾക്ക് പത്ത് പിള്ളേരെ രാത്രി അയച്ചാൽ മതി. നിങ്ങളുടേതൊന്നും പൊളിക്കാൻ കഴിയില്ലെന്നാണോ സിപിഎമ്മുകാർ ധരിക്കുന്നത്. പൊളിച്ച് കാണണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ പറയെടോ, നിങ്ങൾക്ക് പൊളിച്ച് കാണിച്ചുതരാം. ആണ്‍കുട്ടികൾ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് തെളിയിച്ചുതരാം'- കെ. സുധാകരൻ പറഞ്ഞു.
പിണറായി വെണ്ടുട്ടായിയിൽ കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്ന് വൈകീട്ട് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
ഓഫീസിന്റെ അവസാന അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞദിവസം രാത്രി 11.30 വരെ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു.
Adjust Story Font
16