''അങ്ങോട്ടുപോയി ആക്രമിച്ചത് വ്യക്തമാണ്, ജയരാജന്‍ മദ്യപിച്ചിട്ടുണ്ടോ...?''; കെ.എസ് ശബരീനാഥന്‍
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ടുപോയി ഇ.പി ജയരാജൻ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്‌തമാണെന്നും അങ്ങനെയെങ്കില്‍ ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിവരുമെന്നും ശബരീനാഥന്‍
മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് ആക്രമിച്ചു എന്ന വാദം പൊളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു കെ.എസ് ശബരീനാഥന്‍റെ മറുപടി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.
ഇ.പി ജയരാജന്‍റെ വാദം പൊളിഞ്ഞെന്നും വിമാനത്തില്‍ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതിന്‍റെ ലക്ഷണങ്ങൾ വൈദ്യ പരിശോധനയിൽ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ശബരീനാഥന്‍ പറയുന്നു.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ടുപോയി ഇ.പി ജയരാജൻ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്‌തമാണെന്നും അങ്ങനെയെങ്കില്‍ ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിവരുമെന്നും ശബരീനാഥന്‍ പറഞ്ഞു.
ക.എസ് ശബരീനാഥന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇ.പി ജയരാജന്‍റെ വാദം പൊളിഞ്ഞു. ഫ്ലൈറ്റിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതിന്‍റെ ലക്ഷണങ്ങൾ വൈദ്യ പരിശോധനയിൽ ഇല്ല എന്ന് ഡോക്ടർമാർ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ട് പോയി ശ്രീ ഇ.പി ജയരാജൻ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്‌തമാണ്. അപ്പോൾ ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിവരും.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സിപിഎം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി രംഗത്തെത്തിയിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ച് മണി രംഗത്തെത്തിയത്. 'ഊതിയാ പറക്കുന്നവരാണോ ഊത്തന്മാര്‍...? വീണതല്ല സാഷ്ടാംഗ് പ്രണമിച്ചതാ എന്നായിരുന്നു', എന്നായിരുന്നു മണിയുടെ ഫേസ്ബുക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജന്‍ വിമാനത്തില്‍ വെച്ച് തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മണിയുടെ പരിഹാസം.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായതോടെ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
Adjust Story Font
16