Quantcast

കെഎസ്ഇബി സമരം ഒത്തുതീർപ്പായി; ബോർഡ് ആസ്ഥാനത്തെ എസ്ഐഎസ്എഫ് സുരക്ഷ പിൻവലിക്കും.

സംസ്ഥാനത്ത് രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-02-19 09:42:32.0

Published:

19 Feb 2022 9:40 AM GMT

കെഎസ്ഇബി സമരം ഒത്തുതീർപ്പായി; ബോർഡ് ആസ്ഥാനത്തെ എസ്ഐഎസ്എഫ് സുരക്ഷ പിൻവലിക്കും.
X

കെഎസ്ഇബി തൊഴിലാളി സമരം ഒത്തുതീർപ്പായി. ചെയർമാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ബോർഡ് ആസ്ഥാനത്തെ ഗേറ്റിലും പ്രധാന കവാടത്തിലും എസ്‌ഐഎസ്എഫ് കാവൽ ഉണ്ടാകില്ല. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി. ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

വൈദ്യുതി ഭവനിലുള്ള ഡേറ്റാ സെന്റർ, ലോഡ് ഡെസ്പാച്ച് സെന്റർ എന്നിവിടങ്ങളിൽ ഓരോ പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റിടങ്ങളിൽ നിലവിലുള്ള വിമുക്തഭടന്മാരുടെ സുരക്ഷ തുടരും. നയപരമായ കാര്യങ്ങളിൽ സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്വതന്ത്ര സോഫ്റ്റ് വെയർ കാര്യത്തിൽ സർക്കാർ നയം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് ചെയർമാൻ വ്യക്തമാക്കി. സമരം ചെയ്ത ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടിയുണ്ടാകില്ല. മറ്റു വിഷയങ്ങളിൽ തുടർ ചർച്ച നടത്താനും തീരുമാനമായതോടെയാണ് അഞ്ചു ദിവസം നീണ്ട സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

സമരം ചെയ്ത തൊഴിലാളികൾക്കെതിരെ നടപടിയുമുണ്ടാകില്ല. കെഎസ് ഇബി തൊഴിലാളി സമരം ചരിത്ര വിജയമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെയർമാനും ബോർഡും തൊഴിലാളികളും കെഎസ് ഇബിയ്ക്ക് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് കൂട്ടരുടേയും പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം, മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നതോടെയാണ്, സമരം അവസാനിപ്പിക്കാന്‍ സിപിഎം നേതാക്കൾ ഇടപെട്ടത്. ഭാവിയില്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംഘടനകളെ വിശ്വാസത്തിലെടുക്കുമെന്ന ഉറപ്പ് നല്‍കുമെന്ന് യുണിയന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതും രാത്രി നിരക്ക് കൂട്ടുന്നതുമാണ് ആലോചനയിലുള്ളത്. വ്യവസായികൾക്ക് ഇത് ഗുണം ചെയ്യും. രാത്രി നിരക്ക് കൂട്ടാതെ പറ്റില്ലെന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. ലൈൻമാൻ പ്രമോഷൻ നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കും. കെ എസ് ഇ ബി ചെയർമാന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story