Quantcast

വൈദ്യുതി ശൃംഖലയിൽ അപകടസാധ്യത കണ്ടാൽ അറിയിക്കാം; വാട്ട്സ്ആപ്പ് സംവിധാനവുമായി കെഎസ്ഇബി

കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദേശമുൾപ്പെടെ കൈമാറും.

MediaOne Logo

Web Desk

  • Published:

    17 Oct 2024 2:15 PM GMT

KSEB with WhatsApp Number for inform Issues in Electrical Line
X

തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് സംവിധാനം നിലവിൽ വന്നു. പ്രത്യേകിച്ച് മഴക്കാലത്ത് വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ എമർജൻസി നമ്പരായ 9496010101ലേക്കാണ് വാട്ട്സ്ആപ്പ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിൻ്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിൻ്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. കെഎസ്ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദേശമുൾപ്പെടെ കൈമാറും.

ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷാ അവാർഡ് ദാനച്ചടങ്ങിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. 2023ൽ കെഎസ്ഇബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്.

2022ൽ 164 അപകടങ്ങൾ ഉണ്ടായി. 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകൾ ജനപങ്കാളിത്തത്തോടെ മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും. 9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണ്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.


TAGS :

Next Story