സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് ജോലിക്കെത്തണം; കൂടുതൽ സർവീസുകള്‍ നടത്താന്‍ കെ.എസ്.ആർ.ടി.സിക്ക് നിർദേശം
ഇന്ന് 11 മണിക്കുള്ളിൽ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ ജീവനക്കാർക്ക് നിർദേശം നൽകിയത്
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ നേരിടാൻ ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു. ഉദ്യോഗസ്ഥര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകർ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് 11 മണിക്കുള്ളില്‍ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജീവനക്കാര്‍ക്കാവശ്യമായ സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കി.
ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും രണ്ടു ദിവസത്തെ സമരത്തിൽ ഭാഗമായിരുന്നു. എന്നാൽ സർവീസ് ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയും ജീവനക്കാർ ഹാജരാകാൻ വേണ്ടി ഉത്തരവിറക്കണമെന്ന് സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
വിധിയിൽ സർക്കാർ നിയമോപദേശം തേടിയെങ്കിലും ഉത്തരവിറക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് അംഗീകരിക്കില്ലെന്ന് സർവീസ് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ ഹാജരായില്ലെങ്കിൽ കോടതി നിലപാട് നിർണായകമാകും.
Adjust Story Font
16