ബാക്കി 300 രൂപ വാങ്ങാൻ മറന്നു, ബാലൻസ് തുക 43-ാം മിനിറ്റിൽ അക്കൗണ്ടിൽ- കെ.എസ്.ആർ.ടി.സി നന്മ
ആനവണ്ടി ഫാൻസും യാത്രക്കാരും എല്ലാം ഒത്തു ചേർന്നപ്പോഴാണ് ലസിതയ്ക്ക് കിട്ടാനുണ്ടായിരുന്ന മുന്നൂറു രൂപ തിരികെ ലഭിച്ചത്.
കൊല്ലം: ടിക്കറ്റിനായി പണം നൽകി ബാക്കി വാങ്ങാൻ മറന്നിറങ്ങിയാൽ എന്തു ചെയ്യും. കെ.എസ്.ആർ.ടി.സിയിൽ ആണെങ്കിൽ ആ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തിയിരിക്കും എന്ന കഥ പറയുകയാണ് ടി.ജി ലസിത എന്ന വിദ്യാർത്ഥി. ആനവണ്ടി ഫാൻസും യാത്രക്കാരും എല്ലാം ഒത്തു ചേർന്നപ്പോഴാണ് ലസിതയ്ക്ക് കിട്ടാനുണ്ടായിരുന്ന മുന്നൂറു രൂപ തിരികെ ലഭിച്ചത്. അതും ആവശ്യപ്പെട്ടതിന്‍റെ 43-ാം മിനിറ്റിൽ.
കൊല്ലം എസ്.എൻ കോളജിൽ ഗവേഷണ വിദ്യാർത്ഥിനിയായ ലസിത വൈറ്റിലയിൽ നിന്നാണ് കോളജിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സിയിൽ കയറിയത്. 500 രൂപയാണ് കണ്ടക്ടർക്ക് നൽകിയത്. 183 രൂപയുടെ ടിക്കറ്റും ചില്ലറയായി 17 രൂപ നൽകി. ബാക്കി മുന്നൂറു രൂപ യാത്രയ്ക്കിടെ നൽകാമെന്ന് ടിക്കറ്റിന് പിന്നിൽ എഴുതി നൽകി. അതിനിടെ ഉറങ്ങിപ്പോയ ലസിത കൊല്ലത്തെത്തിയപ്പോൾ കിട്ടാനുള്ള തുകയുടെ കാര്യം മറന്ന് ഇറങ്ങി. കോളജിലെത്തിയപ്പോഴാണ് ബാക്കി പൈസയുടെ കാര്യമോർത്തത്.
സുഹൃത്തായ ചിഞ്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് നടന്ന കാര്യങ്ങൾ ചിഞ്ചു എഴുതുന്നത് ഇങ്ങനെ;
ആത്മാർത്ഥ സുഹൃത്തും കൂടെപ്പിറപ്പുമായ ലസിതയുടെ കോൾ വന്നത് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ്.
കൊല്ലം S. N കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ അവൾ സ്വദേശമായ എടമുട്ടത്തു നിന്നും കോളേജിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ചെറിയൊരു വിഷയം സംസാരിക്കാനായിരുന്നു വിളിച്ചത്. വൈറ്റിലയിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത KSRTC ബസിൽ (തിരുവല്ല - എറണാകുളം- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്) നിന്നും ബാലൻസ് തുകയായ 300 രൂപ വാങ്ങാൻ മറന്നുവത്രേ...
183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ തിരികെ നൽകി. ബാലൻസ് തുകയായ 300 രൂപ ടിക്കറ്റിനു പിന്നിൽ കുറിച്ച് യാത്രാ മധ്യേ നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കൊല്ലമെത്തിയപ്പോൾ ലസിത ധൃതിയിൽ ബാഗുമായി സ്റ്റോപ്പിലിറങ്ങി, ബസിൽ നിന്നും ഇറങ്ങി കോളേജിലെത്തുമ്പോഴാണ് ബാലൻസ് തുക ലഭ്യമായില്ല എന്ന കാര്യം അവൾ ഓർമിച്ചത്. കോളേജ് സമയം കഴിഞ്ഞാണ് ആനവണ്ടിപ്രാന്തു മൂത്ത് നടക്കുന്ന എന്നെ അവൾ വിളിച്ച് കാര്യം പറയുന്നത്. ഉടനടി ഞാൻ അവളോട് ടിക്കറ്റിൻ്റെ ഫോട്ടോ വാങ്ങി KSRTC ട്രാവൽബ്ലോഗ് , ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് എന്നീ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഷെയർ ചെയ്യുകയും ബാലൻസ് തുക ലഭ്യമാകുവാനുള്ള വഴികൾ ആരായുകയും ചെയ്തു.
ഉടൻ തന്നെ എടത്വ ഡിപ്പോയിലെ കണ്ടക്ടർ ശ്രീ. ഷെഫീഖ് ഇബ്രാഹിം എന്നെ കോണ്ടാക്ട് ചെയ്യുകയും. തിരുവല്ല ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ എടുത്തുവെന്നും അധികം താമസമില്ലാതെ തുക ലഭ്യമാകും എന്ന ഉറപ്പും നൽകി. ഇതിനിടയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻ ശ്രീരാജ് പി.ആർ ഉടൻ തന്നെ ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ കളക്ട് ചെയ്ത് അദ്ദേഹവുമായി സംസാരിച്ച് തുക ഏറ്റവും വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
കൂടാതെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിൻ മനീഷ് പരുത്തിയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻമാരായ അനീഷ് പൂക്കോത്ത് ,കിഷോർ എന്നിവരും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ഡിപ്പോയുമായി കോണ്ടാക്ട് ചെയ്യുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരികയും ചെയ്തു. എന്തായാലും സഹായം ചോദിച്ച് പോസ്റ്റിട്ടതിൻ്റെ 43 ാം മിനുട്ടിൽ ഷെഫീഖ് ഇക്കയുടെ അക്കൗണ്ടിൽ നിന്നും എൻ്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ 300 രൂപ ക്രെഡിറ്റായി. തിരുവന്തപുരത്തെത്തുമ്പോൾ ബസിൽ ഡ്രൈവർ കം കണ്ടക്ടറായി സേവനം ചെയ്യുന്ന ശ്രീ ബിനു കെ ജോൺ , ഇക്കയുടെ അക്കൗണ്ടിലേക്ക് തുക കൈമാറും എന്നും അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ ഞാൻ അവൾക്ക് തുക ഗൂഗിൾ പേ ചെയ്തു നൽകുകയും ചെയ്തു.
Adjust Story Font
16