ബസുകൾക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി
യാത്രകളിൽ ലഘുഭക്ഷണം നൽകാൻ ബസുകൾക്കുള്ളിൽ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു. ഇതിനായി കെ.എസ്.ആർ.ടി.സി പ്രപ്പോസലുകൾ ക്ഷണിച്ചു. ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
ബസുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിക്കും. മെഷീനുകൾ സ്ഥാപിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളുമാണ് ക്ഷണിച്ചത്.
ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്.ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസിനുള്ളിൽ വെച്ച് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം.
ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും.
പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ 24 ാം തിയതി വൈകുന്നേരം അഞ്ചിന് മുമ്പ് തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണ്ടതാണ്. ഓരോ പ്രൊപ്പോസലും ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം - KSRTC ബസ്സുകളിൽ’ എന്ന് അടയാളപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം
Adjust Story Font
16