ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ
ജനുവരി മാസം 15 തീയതിക്കുള്ളിൽ കെ-സ്വിഫ്റ്റ് കമ്പനി പ്രാബല്യത്തിൽ വരാൻ യൂണിയനുകളുടെ പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതാണ് ശമ്പളക്കരാർ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതെന്ന ആക്ഷേപവുമുണ്ട്
- Updated:
2021-12-26 03:19:32.0
ശമ്പളക്കരാർ ഈ മാസം ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ. ജനുവരിയിലെ മന്ത്രിതല ചർച്ച ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സർക്കാർ വാക്കുപാലിക്കാൻ തയ്യാറാകണമെന്നും ഉദ്യോഗസ്ഥർ ഭരണത്തിൽ കൈകടത്തുന്നത് തടയണമെന്നും ആവശ്യം ഉന്നയിച്ചു. മാരത്തൺ ചർച്ചകൾക്ക് ശേഷം ഈ മാസം ഒമ്പതിന് ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ അവസാനവട്ട ചർച്ചയിലാണ് കെ.എസ്.ആർ.ടി.സി. ശമ്പള പരിഷ്‌ക്കരണത്തിന് അനുമതിയായത്. ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന ഉറപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. സിഎംഡി വിളിച്ച ചർച്ചയിൽ കരാർ ഒപ്പിടുന്നതിനു മുമ്പ് തുടർ ചർച്ചകൾ വേണമെന്നാണ് അറിയിച്ചത്. അതിനായി ജനുവരി മൂന്നിന് യൂണിയനുകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് ഇനിയെന്ത് ചർച്ചയെന്നാണ് യൂണിയനുകളുടെ ചോദ്യം. കരാർ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് തീരുമാനം.
ശമ്പള പരിഷ്‌ക്കരണം വൈകിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ നവംബർ മാസം നടത്തിയ സൂചനാ പണിമുടക്കിൽ തന്നെ ജനം വലഞ്ഞ കാഴ്ചയാണ് കണ്ടത്. പുതിയ വർഷത്തിലേക്ക് കടക്കുമ്പോഴും കെ.എസ്.ആർ.ടി.സി. സർക്കാരിന് തലവേധനയാകുകയാണ്. ജനുവരി മാസം 15 തീയതിക്കുള്ളിൽ കെ-സ്വിഫ്റ്റ് കമ്പനി പ്രാബല്യത്തിൽ കൊണ്ടുവരാൻ യൂണിയനുകളുടെ പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതാണ് ശമ്പളക്കരാർ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി. തൊഴിലാളികളുടെ ശമ്പളക്കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകൾക്ക് കൈമാറുമെന്നും ചെറിയ ചില വിഷയങ്ങളിൽ തീരുമാനം ഉണ്ടാകണമെന്നും ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. തീരുമാനം ജനുവരിയിൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും സാങ്കേതിക പ്രശ്‌നം മാത്രമാണുള്ളതെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20ന് ഉള്ളിൽ ഒപ്പിട്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.
KSRTC workers to go on indefinite strike if wage agreement not signed
Adjust Story Font
16